കൊച്ചി : കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാകാൻ എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയതോടെ എറണാകുളം അയ്യമ്പുഴ ഭാഗത്ത് കൃഷി കുത്തനെ കുറഞ്ഞു. എന്നാൽ സ്ഥലം ഏറ്റെടുക്കലിലെ വേഗത നഷ്ടപരിഹാര തുക നൽകുന്നതിൽ ഇല്ലാത്തത് നാട്ടുകാരെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാട് കയറിയ അയ്യമ്പുഴ മേഖലയിൽ വന്യജീവി ആക്രമണവും കൂടി. ഇതോടെ പലരും താമസിച്ചിരുന്ന സ്വന്തം വീട് വിട്ട് മറ്റിടങ്ങളിലേക്ക് താമസം മാറി. നഷ്ടപരിഹാരം വേഗത്തിൽ കിട്ടുമെന്ന പ്രതീക്ഷയിൽ വായ്പയെടുത്ത് വീട് വാങ്ങിയവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പദ്ധതിക്ക് വേണ്ടി ആകെ 380 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് നടപടി തുടങ്ങിയത്. കാർഷികമേഖലയായിരുന്ന പ്രദേശത്ത് കൃഷി കുറഞ്ഞ്, കാട് കയറി. വന്യജീവി ആക്രമണം പതിവായി.
വീട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ബാങ്ക് വായ്പയെടുത്ത് മലയാറ്റൂരിൽ വീട് വാങ്ങിയതെന്ന് ദേവസിക്കുട്ടിയെന്ന നാട്ടുകാരൻ പറഞ്ഞു. നഷ്ടപരിഹാരം കിട്ടിയാൽ ബാധ്യത തീർക്കാമെന്ന കണക്ക് കൂട്ടൽ തെറ്റിയതോടെ ഇദ്ദേഹവും ഭാര്യയും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. വീടും ഭൂമിയും നഷ്ടമാകുന്ന 200-ൽ അധികം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം കിട്ടുന്നത് ഇനിയും എത്ര നാൾ വൈകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പദ്ധതി പ്രഖ്യാപനത്തിലെ വേഗത സ്ഥലമേറ്റെടുക്കലിൽ ഇല്ലെങ്കിൽ എന്തിനിങ്ങനെ കുരുക്കിലാക്കി എന്നാണ് ഇവരുടെ ചോദ്യം