പത്തനംതിട്ട: കാട്ടുപന്നി നശിപ്പിച്ച കാർഷികവിളകൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ സമർപ്പിച്ച അപേക്ഷയിൽ വനംവകുപ്പ് അനുവദിച്ചത് 83 രൂപ. റാന്നി അത്തിക്കയം നാറാണംമൂഴി ആലപ്പാട്ട് മാത്യു ദേവസ്യ 2940 രൂപ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിലാണ് വനംവകുപ്പ് 83 രൂപ അനുവദിച്ച് വേഗത്തിൽ നടപടിക്രമങ്ങൾ തീർപ്പാക്കിയത്. 72 കാരനായ മാത്യു ദേവസ്യ പാട്ടത്തിനെടുത്ത് കൃഷി നടത്തിയ 50 സെന്റ് സ്ഥലത്താണ് കഴിഞ്ഞ ജൂണ്‍ 29നു രാത്രി കാട്ടുപന്നിയുടെ ശല്യം ഉണ്ടായത്.
വിവിധ രോഗങ്ങൾ കാരണം ആരോഗ്യാവസ്ഥ മോശമാണെങ്കിലും പൂർണസമയ കർഷകനായി അധ്വാനിക്കുന്ന മാത്യു ദേവസ്യയ്ക്ക് കനത്ത ആഘാതമാണ് കാട്ടുപന്നിയുടെ ശല്യംമൂലം ഉണ്ടായത്. ഏത്തവാഴ, മരച്ചീനി, ചേമ്പ്, കാച്ചിൽ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്.
കൃഷി സംരക്ഷിക്കുന്നതിലേക്ക് 5450 രൂപ മുടക്കി വസ്തുവിനു ചുറ്റും സ്ഥാപിച്ചിരുന്ന തകരഷീറ്റുകൾ തകർത്താണ് കാട്ടുപന്നിക്കൂട്ടം അകത്തുകയറിയത്. 10 മൂട് മരച്ചീനി, അഞ്ച് മൂട് ചേമ്പ് എന്നിവ പൂർണമായി നശിപ്പിച്ചു. മറ്റു കൃഷികൾക്കും നഷ്ടമുണ്ടായി. കൃഷിയിടം കൃഷിഭവൻ മുഖേന രജിസ്റ്റർ ചെയ്തിരുന്നതിനാൽ വിവരം കൃഷി ഓഫീസറെ അറിയിച്ചിരുന്നു. കൃഷി ഓഫീസറുടെ നിർദേശപ്രകാരമാണ് വനംവകുപ്പിൽ അപേക്ഷ നൽകിയത്.
കൃത്യമായ വിവരശേഖരണവും കണക്കുകളും നിരത്തിയായിരുന്നു അപേക്ഷ നൽകിയിരുന്നത്. 10 മൂട് മരച്ചീനിയിൽ നിന്ന് കന്പോള വിലയായി 1000 രൂപ പ്രതീക്ഷിച്ചിരുന്നതായും ഇതിന്റെ ചെലവ് കഴിച്ച് 700 രൂപ ലാഭം കണക്കാക്കിയിരുന്നതായും പരാതിയിൽ പറയുന്നു.
20 കിലോഗ്രാം ചേന്പ് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് കന്പോളവില 1000 രൂപ കണക്കാക്കി. ചെലവു കഴിച്ച് 865 രൂപ തനിക്കു ലഭിക്കാമായിരുന്നുവെന്ന് മാത്യു പറഞ്ഞു.
രണ്ട് ഇനങ്ങളുടെ മാത്രം നഷ്ടം കണക്കാക്കി 1565 രൂപയും മറ്റു ചെലവുകൾക്ക് 375 രൂപ, മനോവിഷമത്തിന് 1000 രൂപ എന്നിങ്ങനെ കണക്കാക്കിയാണ് 2940 രൂപ നഷ്ടപരിഹാരം തേടിയത്.റാന്നി ഡിഎഫ്ഒയ്ക്കുള്ള പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെൽ മുഖേന ഓണ്‍ലൈനായും സമർപ്പിച്ചിരുന്നു. കേരള ഗവർണർ, വനംമന്ത്രി എന്നിവർക്കും പരാതി നൽകി. ജൂലൈ രണ്ടിനു നൽകിയ പരാതിയിൽ വനംവകുപ്പ് അന്വേഷണം നടത്തി കഴിഞ്ഞ ഏഴിന് തീരുമാനമെടുത്ത്് ഉത്തരവിറക്കുകയായിരുന്നു.
വനംവകുപ്പ് 2018 ഏപ്രിൽ 15നു പുറത്തിറക്കിയ 17/ 2018 ഉത്തരവു പ്രകാരമാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് പറയുന്നു. ഇതനുസരിച്ച് 10 സെന്റിലുണ്ടാകുന്ന നഷ്ടപരിഹാരത്തിന് 165 രൂപ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. മാത്യു ദേവസ്യയ്ക്ക് അഞ്ച് സെന്റിലെ മരച്ചീനി കൃഷയാണ് നഷ്ടമായിരിക്കുന്നതെന്നും അതിനാൽ 83 രൂപ നഷ്ടപരിഹാരം നൽകാമെമാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്