റാന്നി : ഒരു ഇടവേളക്കു ശേഷം കുരുമ്പൻമൂഴിയിൽ വീണ്ടും കാട്ടാന ശല്യം. വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് വീണ്ടും കാട്ടാന ശല്യം ഉണ്ടാവുന്നത്. വനമേഖലയിൽ വെള്ളം കിട്ടാതെ വരുന്നതും ജനവാസ മേഖലയിൽ ചക്ക ഉൾപ്പടെയുള്ള വിളകൾ കായ്ച്ചു തുടങ്ങിയതുമാണ് ആനകൾ കൂട്ടത്തോടെ നാടുകളിലേക്ക് ഇറങ്ങാൻ കാരണം. മഴക്കാലത്ത് ഉരുൾപൊട്ടൽ ഉണ്ടായി കൃഷിയിടങ്ങളും പുരയിടങ്ങളും നശിച്ചു പോയവർക്ക് മുന്നിലേക്കാണ് കാട്ടാനകൂടി എത്തുന്നത്. കാട്ടാനക്ക് പുറമെ കുരങ്ങൾ, മലയണ്ണാൻ, കാട്ടുപന്നി എന്നിവയും മേഖലയിൽ വ്യാപകമായി കൃഷി നാശം ഉണ്ടാക്കുണ്ട്.
കഴിഞ്ഞ ആഴ്ച കുരുമ്പൻമൂഴിയിൽ ഒരു ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കൃഷിയിടങ്ങളിൽ സ്ഥിരമായി ഇറങ്ങുന്ന ആന ചരിഞ്ഞതോടെ താത്കാലിക ആശ്വാസം ഉണ്ടായതായി വിശ്വസിച്ച നാട്ടുകാര്‍ക്ക് വീണ്ടും കനത്ത പ്രഹരമായാണ് മേഖലയില്‍ വീണ്ടും ആനയിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായ കാട്ടാന ശല്യമാണ് മേഖലയിൽ വീണ്ടുമുണ്ടാകുന്നത്. വാഴ, കപ്പ, തെങ്ങ് മുതലായ കൃഷികൾ വ്യാപകമായി നശിപ്പിച്ചാണ് കാടിറങ്ങുന്ന ആനകള്‍ മടങ്ങുന്നത്. വനം വകുപ്പിനും കാട്ടുമൃഗങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നില്ല.