കോന്നി : വനം ഡിവിഷനിൽ വ്യാപകമായി കാട്ടുപന്നികൾ ചത്തുവീഴുന്നു. മുൻപ് രാത്രി പട്രോളിങ്ങിന് ഇറങ്ങുന്ന വനപാലകർക്ക് പന്നിക്കൂട്ടങ്ങളെ കാണാൻ കഴിയുമായിരുന്നു. ഇത്തരം കാഴ്ചകൾ കുറഞ്ഞതായി വനപാലകർ പറയുന്നു. കഴിഞ്ഞിടെ അരുവാപ്പുലത്ത് രാത്രി ഇറങ്ങിയ വനപാലകർക്ക് ഒരു കാട്ടുപന്നിയെ പോലും കാണാൻ കഴിഞ്ഞില്ല.
വള്ളിക്കോട് പഞ്ചായത്തിലും ഈ അവസ്ഥയായിരുന്നു. ചത്ത പന്നികളുടെ അവശിഷ്ടം വനപാലകരുടെ ശ്രദ്ധയിൽപെടുന്നുണ്ട്. വകയാർ, കൈതക്കര, അട്ടച്ചാക്കാൽ, നാടുകാണി എന്നിവിടങ്ങളിലും പന്നികൾ ഏതാനും ദിവസം മുൻപ് ചത്തിരുന്നു.
പന്നിശല്യം കാരണം ആരെങ്കിലും വിഷം വച്ച് കൊലപ്പെടുത്തുന്നതാണോ എന്ന സംശയവും ഉണ്ട്. പന്നിപ്പനി കാട്ടുപന്നികളിലേക്ക് വ്യാപിക്കുന്നതായി സൂചനയുള്ളതായി ഡി.എഫ്.ഒ കെ.ശ്യാംമോഹൻലാൽ പറഞ്ഞു. മലയാലപ്പുഴയിൽ ഒരു മാസം മുൻപ് ചത്തുകിടന്ന കാട്ടുപന്നിയുടെ പരിശോധനയിൽ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. നാട്ടുപന്നികളിൽനിന്നാണ് രോഗം പടർന്നതെന്നാണ് നിഗമനം. കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള വനം വകുപ്പിന്റെ നീക്കം തുടങ്ങിയശേഷം അഞ്ച് പന്നികളെ കൊല്ലാൻ കഴിഞ്ഞിട്ടുണ്ട്.