മുക്കൂട്ടുതറ : മുക്കുട്ടുതറ ഇടകടത്തി റോഡിൽ മന്ദിരം പടിക്ക് സമീപത്തു വെച്ച് ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
മുക്കൂട്ടുതറ മന്ദിരം പടി കരോട്ടുപുതിയത്ത് സെബിൻ സജിയാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്ക് കുത്തിമറിച്ചിടുകയായിരുന്നു. കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥിയാണ് സെബിൻ. ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷിൻ നിർമ്മിച്ചതിന്റെ പേരിൽ ഗിന്നസ് റെക്കോർഡ് നേടിയ വിദ്യാർത്ഥിയാണ് സെബിൻ സജി. അപ്രതീക്ഷിത ആക്രമണത്തിൽ ബൈക്കിൽ നിന്നും താഴെവീണ സെബിന് പരിക്കുകൾ പറ്റിയെങ്കിലും ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപെടുകയായിരുന്നു.
കൈയ്ക്കും കാലിനും പരിക്കേറ്റ സെബിൻ ആശുപത്രിയിൽ ചികിത്സ തേടി. റോഡരികിൽ ഇരുട്ടത്ത് വൈദ്യുതി പോസ്റ്റിന് പിന്നിൽ നിന്നും കാട്ടുപന്നി അപ്രതീക്ഷിതമായി ബൈക്കിനു നേരെ കുതിച്ചെത്തുകയായിരുന്നു. സമീപത്ത് വൈദ്യുതി വഴിവിളക്കുകൾ ഇല്ലാതിരുന്നതിനാൽ പന്നിയെ അടുത്ത് വന്നപ്പോഴാണ് കാണുവാൻ സാധിച്ചതെന്ന് സെബിൻ പറഞ്ഞു. അസാമാന്യ വലുപ്പമുള്ള പന്നിയായിരുന്നു ആക്രമിച്ചത് എന്നും സെബിൻ പറഞ്ഞു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വളരെ കൂടുതലാണെന്നും അപകടകാരിയായ കാട്ടുപന്നിയെ എത്രയും പെട്ടെന്ന് വെടിവെച്ചു കൊല്ലുവാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും സെബിൻ പറഞ്ഞു. ഈ വിഷയത്തിൽ പഞ്ചായത്തിനും വനം വകുപ്പിനും പോലീസിലും പരാതി കൊടുക്കുവാനാണ് സെബിന്റെ തീരുമാനം.