റാന്നി : കാട്ടുപന്നി ശല്യത്തില്‍ നിന്ന് റാന്നി താലൂക്കിലെ ചില വില്ലേജുകളെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുറന്ന കത്തുമായി കര്‍ഷകന്‍. ജനകീയ കര്‍ഷക സമിതി ജില്ലാ ചെയര്‍മാന്‍ ജോണ്‍മാത്യു ചക്കിട്ടയാണ് തുറന്ന കത്ത് എഴുതിയിരിക്കുന്നത്. 676 കോടി രൂപ കേന്ദ്രം വന്യമൃഗ-മനുഷ്യ സംഘർഷവുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതു കൊണ്ട് കര്‍ഷകര്‍ക്ക് ഒരു ഗുണവും ഉണ്ടാകുന്നില്ലെന്നും കത്തില്‍ പറയുന്നു. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ 15 അടി പൊക്കത്തിൽ വനമേഖലയില്‍ മതിലുകൾ നിര്‍മ്മിച്ചാല്‍ മാത്രമെ അല്പം എങ്കിലും പ്രതിരോധ സാധ്യത ഉള്ളു. ഫെന്‍സിങ്ങുകള്‍ പലയിടത്തും പരാജയമാണ്. നിയന്ത്രണം ഇല്ലാതെ വനത്തിൽ മൃഗങ്ങൾ പെരുകിയാണ്.
വന്യമൃഗ സംരക്ഷണത്തിന്‍റെ പേരില്‍ ഫണ്ടുകൾ വരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ശല്യക്കാരായ മൃഗങ്ങളുടെ നശീകരണത്തിന് തയ്യാറാകുന്നില്ല. കാട്ടുമൃഗങ്ങള്‍ പൊൻമുട്ട ഇടുന്ന താറാവാണ് ചില ഉദ്യോഗസ്ഥര്‍ക്ക്. അതുകൊണ്ടു തന്നെ ശല്യക്കാരായ മൃഗങ്ങളെ കൊല്ലാൻ വനംവകുപ്പിന് താല്പര്യം ഇല്ല. ഈ അനാസ്ഥയില്‍ തകര്‍ന്നു പോകുന്നത് കടം വാങ്ങിയും മറ്റും കൃഷി ഇറക്കുന്ന ഇവിടുത്തെ പാവം കർഷക ജനതയാണ്. മൃഗസ്നേഹികളും പരിസ്ഥിതിക്കാരും വനമില്ലാത്ത പട്ടണത്തിൽ ഇരുന്നു അറിയാത്ത കാര്യത്തെപ്പറ്റി അഭിപ്രായം പറയുന്നവരാണ്. കാട്ടുമൃഗങ്ങളെ കൊല്ലണം എന്നു പറയുബോൾ വേദനിക്കുന്ന അവർക്ക് കടലില്‍ നിന്ന് ജീവനുള്ള മീനുകളെ പിടിച്ചും വീട്ടില്‍ വളർത്തുന്ന ആടിനെയും കോഴിയെയും പശുവിനെയും പോത്തിനെയും കൊല്ലുമ്പോഴും വേദന ഉണ്ടാവുന്നില്ല. ഇത് കപട മൃഗസ്നേഹം ആണ്.
മൃഗശല്യത്താല്‍ പൊറുതിമുട്ടി രാജ്യത്ത് നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യണം. കർഷകർക്ക് അനുകൂലമായി നിയമം നിര്‍മ്മിച്ച് സംസ്ഥാനത്തിന്‍റെ അധികാരം ഉപയോഗിച്ച് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും ജോൺ മാത്യു ചക്കിട്ടയിൽ ആവശ്യപ്പെടുന്നു. കാട്ടുപന്നി അടക്കമുള്ള മൃഗങ്ങള്‍ നാട്ടിലിറങ്ങി ശല്യം ചെയ്യുന്ന വനമേഖലകളോടു ചേര്‍ന്ന വില്ലേജുകള്‍ റാന്നി മണ്ഡലത്തില്‍ ധാരാളം ഉണ്ടായിട്ടും പട്ടികയില്‍ നിന്ന് പല വില്ലേജുകളും ഒഴിവായ പശ്ചാത്തലത്തിലാണ് കത്ത്.