പത്തനംതിട്ട: നാടാകെ ഭീഷണിയായ കാട്ടുപന്നിയുടെ ശല്യം അമര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് നടപടി ശക്‌തമാക്കി. സംസ്‌ഥാനത്തുടനീളം കാട്ടുപന്നിയെ ഒരു വര്‍ഷക്കാലത്തേക്ക് ക്ഷുദ്രജീവികളുടെ ഗണത്തിലേക്ക് മാറ്റാനുള്ള അനുമതി തേടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നിലവില്‍ കാട്ടുപന്നി വനം-വന്യ ജീവി സംരക്ഷണ നിയമത്തിലെ പട്ടിക മൂന്നില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഇവയെ കൊല്ലുന്നത് മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എന്നാല്‍ അനിയന്ത്രിതമായ വംശവര്‍ധനവു മൂലം കാട്ടുപന്നി നാട്ടിലിറങ്ങി മനുഷ്യനും കാര്‍ഷിക വിളകള്‍ക്കും നാശം വരുത്തുകയാണ്. വന്‍തോതില്‍ കാര്‍ഷിക വിളകള്‍ക്കു നാശനഷ്‌ടം ഉണ്ടാക്കുകയും മനുഷ്യ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന കാട്ടുപന്നിയെ ക്ഷുദ്ര ജീവികളെ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടിക അഞ്ചിലേക്കു മാറ്റണമെന്ന് കാണിച്ചുള്ള ശുപാര്‍ശയാണ് സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുള്ളത്.
കേരളത്തില്‍ എല്ലാ വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളിലും കാട്ടുപന്നികള്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. വേഗത്തിലുള്ള വംശവര്‍ധനവും നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ക്കും മനുഷ്യനും ഭീഷണി ഉയര്‍ത്തുന്നതും വ്യാപക പരാതിക്ക് ഇടയാക്കിയ സാഹചര്യത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ നല്‍കിയിട്ടുള്ള നിവേദനങ്ങളുടേയും ജനപ്രതിനിധികളുടെ ആവശ്യത്തിന്റേയും കാട്ടുപന്നി ശല്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കമ്മറ്റിയുടേയും ശുപാര്‍ശയുടേയും അടിസ്‌ഥാനത്തിലാണ് കേന്ദ്രത്തിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്‌ഥാനത്ത് കാട്ടുപന്നിയുടെ ശല്യം അധികരിച്ചതെന്നു കണ്ടെത്തിയിട്ടുള്ള വില്ലേജുകളില്‍ ഒരു വര്‍ഷക്കാലത്തേക്കു പദ്ധതി നടപ്പാക്കാനാണ് ആവശ്യം.
സംരക്ഷിത വിഭാഗമുള്ള പട്ടിക മൂന്നില്‍ നിന്നും കാക്ക, നരിച്ചീറ് തുടങ്ങിയ ക്ഷുദ്രജീവികളെ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടിക അഞ്ചിലേക്ക് കാട്ടുപന്നിയെ മാറ്റുന്നതോടെ ഇവയെ കൊല്ലുന്നതിനുള്ള തടസ്സം മാറിക്കിട്ടും. ഉത്തരാഖണ്ഡില്‍ 2018 നവംബര്‍ 13 ന് കാട്ടുപന്നികളെ ക്ഷുദ്ര ജീവി ഗണത്തില്‍പ്പെടുത്തിയത് മാതൃകയാക്കണമെന്നും കേന്ദ്രത്തിനു സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്