വണ്ടിപ്പെരിയാര്‍ : വീട് കയ്യേറി കാട്ടു പന്നി പ്രസവിച്ചു വീട്ടമ്മ പുറത്തായി. വീട് അടച്ചുപൂട്ടി തമിഴ്നാട്ടിലെ ബന്ധുവീട്ടിലേക്ക് പോയ വീട്ടമ്മ ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് കാട്ടുപന്നി വീട് കയ്യേറി പൊറുതി തുടങ്ങിയ കാര്യം അറിയുന്നത്. വീടിന്റെ പിന്നിലെ കതക് കുത്തിപ്പൊളിച്ചാണ് കാട്ടുപന്നി അകത്തു കയറി ബെഡ്റൂമിനെ ലേബര്‍ റൂമാക്കി മാറ്റിയത്
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പൊന്നഗര്‍ കോളനിയിലാണ് സംഭവം. അടച്ചിട്ടിരുന്ന വീടിന്റെ കതക് കുത്തിത്തുറന്ന് അകത്തുകയറി കാട്ടുപന്നി പ്രസവിച്ചതോടെ വീട്ടുകാരി ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്തായ അവസ്ഥയിലാണ്. വള്ളക്കടവ് പൊന്നഗര്‍ കോളനിയില്‍ താമസിക്കുന്ന പതിപൂര്‍ണ്ണമേരിയുടെ വീടിനുള്ളിലാണ് കാട്ടുപന്നി അതിക്രമിച്ച് കയറി പെറ്റുകിടക്കുന്നത്. എന്നുമാത്രമല്ല, ഏഴ് കുഞ്ഞുങ്ങളെ ‘നൊന്തു പെറ്റ’ ആ അമ്മ വീട്ടിലെ സാധനസാമഗ്രികള്‍ മുഴുവനും നശിപ്പിക്കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല.
ഒരാഴ്ച മോന്പ് വീട് അടച്ചുപൂട്ടി തമിഴ്നാട്ടിലെ ബന്ധുവീട്ടിലേക്ക് പോയ പതിപൂര്‍ണ്ണമേരി ഇന്നലെ പുലര്‍ച്ചെ തിരിച്ചെത്തുമ്പോഴാണ് കാട്ടുപന്നി വീട് കയ്യേറി പൊറുതി തുടങ്ങിയ കാര്യം അറിയുന്നത്. മുന്‍പും ഈ പ്രദേശത്ത് കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങള്‍ കടന്നു കയറി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും മറ്റും പതിവായിരുന്നെങ്കിലും
ഇതാദ്യമായാണ് വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി കാണിച്ചിരിക്കുന്നത്.
വള്ളക്കടവ് ഫോറസ്ററ്റിലും എരുമേലി ഫോറസ്റ്റിലും വിവരമറിയിച്ചെങ്കിലും പത്തോളം കുഞ്ഞുങ്ങള്‍ ഉള്ള കാട്ടുപന്നിയുടെ അടുത്തേക്ക് പോകുന്നത് അപകടമാണെന്നായിരുന്നു മറുപടി. ഇനി കാട്ടുപന്നി പ്രസവാനന്തര ശുശ്രൂഷയും കഴിഞ്ഞ് കുട്ടികളെ കാട്ടംഗനവാടിയില്‍ ചേര്‍ത്തതിനുശേഷം മാത്രമേ പതിപൂര്‍ണ്ണമേരിയ്ക്ക് സ്വന്തം വീട്ടില്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടുകയുള്ളൂ.