പത്തനംതിട്ട : കാട്ടുപന്നി ശല്യത്തില്‍ പൊറുതി മുട്ടി ഇലവുംതിട്ടയിലെ കര്‍ഷകര്‍. കപ്പയും വാഴയും നിരന്തരം നശിപ്പിക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. കാട്ടുപന്നി ശല്യത്തെ തടയാനാകാതെ വലയുകയാണ് കര്‍ഷകര്‍. മെഴുവേലി പൊട്ടന്‍മല, പ്ലാംതടം, മുമ്മൂല, തെങ്ങിട ഭാഗം, ഉള്ളന്നൂര്‍, പുതുവാക്കല്‍, കടലിക്കുന്ന് പ്രദേശങ്ങളിലാണ് കര്‍ഷകര്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ ദുരിതത്തിലായത്. മണ്ണിലേക്കു എന്ത് നട്ടു വച്ചാലും രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികള്‍ പൂര്‍ണമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്.
പൊട്ടന്‍മല മോഹന വിലാസത്തില്‍ മോഹനന്റെ കൃഷി കാട്ടുപന്നി കഴിഞ്ഞ രാത്രി കുത്തി നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കപ്പക്കൃഷി ഇറക്കിയ കര്‍ഷകനാണ് മോഹനന്‍. കാട്ടുപന്നി ശല്യം മൂലം ഈ വര്‍ഷം ചേനക്കൃഷി ചെയ്തു. രണ്ട് മാസം കഴിഞ്ഞ് വിളവെടുപ്പ് നടത്തേണ്ട കൃഷി പൂര്‍ണമായി കാട്ടുപന്നികള്‍ നശിപ്പിച്ചു. കര്‍ഷകനായ ഹരിദാസിന്റെ വാഴകള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചു. സമീപ പ്രദേശങ്ങളില്‍ പുരയിടങ്ങള്‍ കാട് പിടിച്ച് കിടക്കുന്നയിടങ്ങളിലാണ് ഇവ പകല്‍ സമയങ്ങളില്‍ കഴിയുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിച്ചാല്‍ മാത്രമേ കര്‍ഷകര്‍ കൃഷി തുടരാന്‍ സാധിക്കൂ. കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നതിന് പഞ്ചായത്തില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ ഇല്ല. വനം ഉദ്യോഗസ്ഥരുടെ സഹകരണം ലഭിച്ചെങ്കില്‍ മാത്രമേ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ.