കോന്നി : കാട്ടുപൂച്ചയെ കെണിവെച്ച് പിടിച്ച സംഭവത്തിലെ പ്രതികളെ റിമാൻഡ് ചെയ്തു. റാന്നി ഉതിമൂട്ടിൽ പീടികയിൽ വീട്ടിൽ എബ്രഹാം തോമസിന്റെ വീടിന് സമീപത്തെ കൃഷിയിടത്തിൽ കെണിവെച്ച് കാട്ടുപൂച്ചയെ പിടിച്ച് ഇറച്ചിയെടുത്ത സംഭവത്തിൽ ഇന്നലെ നാല് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ചിറ്റൂർമുക്ക് പത്തിയത്ത് വീട്ടിൽ പി എം ബിജു(45), ചിറ്റൂർമുക്ക് പാറപ്പള്ളിൽ വീട്ടിൽ ബിനീഷ് വിജയൻ(35), ഇളകൊള്ളൂർ തയ്യിൽ പുത്തൻവീട്ടിൽ റ്റി ജി കുഞ്ഞുമോൻ(49), റാന്നി ഉതിമൂട് പീടികയിൽ വീട്ടിൽ എബ്രഹാം തോമസ് (ജോസഫ് -43) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ചിറ്റൂർ മുക്കിലെ പത്തിയത്ത് വീട്ടിൽ പി എം ബിജുവിന്റെ വീട്ടിൽ കാട്ടിറച്ചി സൂക്ഷിച്ചിരിക്കുന്നതായി വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ബിജുവിന്റെ വീട്ടിൽ നിന്ന് കാട്ടിറച്ചിയും പിടിച്ചെടുത്തു. ബിജുവിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് വിനീഷ് വിജയനെ കൊക്കാത്തോട് അപ്പൂപ്പൻതോട്ടിൽ നിന്ന് പിടികൂടിയത്. റാന്നി ഫോറസ്റ്റ് റേഞ്ചിലെ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ഉതിമൂട്ടിൽ എബ്രഹാം തോമസിന്റെ വീടിന് സമീപത്തെ കൃഷിയിടത്തിൽ ഇവര്‍ കൂട് സ്ഥാപിച്ച് കാട്ടുപൂച്ചയെ പിടികൂടിയതിന് ശേഷം കോന്നിയിൽ എത്തിക്കുകയായിരുന്നു. ചിറ്റൂർ കടവിലെ പുൽക്കാട്ടിൽ വെച്ചാണ് ഇതിനെ കശാപ്പ് ചെയ്തത്. ചിറ്റൂർ കടവിൽ നിന്നും കാട്ടുപൂച്ചയുടെ അവശിഷ്ടങ്ങളും വനപാലകർ കണ്ടെടുത്തു. കാട്ടുപൂച്ചയെ പിടിക്കുവാൻ ഉപയോഗിച്ച കെണിയും അധികൃതർ പിടിച്ചെടുത്തു. റമ്പൂട്ടാൻ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പ്രതികൾ റാന്നിയിൽ എത്തിയത്. സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്.
കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലിൻ ജോസ്, കുമ്മണ്ണൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ് സനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജിജോ വർഗീസ്, ഡി വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി പ്രവീൺ, വിനോദ്, എസ് ശരത്, പി കെ ബൈജു, ബി സജിനി, രാഖി എസ് രാജൻ, വി താര, ട്രൈബൽ വാച്ചർ സിന്ധു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.