മൂന്നാര്‍ : കോടമഞ്ഞുളള പ്രദേശത്ത് കൂടി ഇരുട്ടില്‍ നടക്കുന്നതിനിടെ യുവാവ് നേരെ ചെന്നിടിച്ചത് കാട്ടാനയുടെ തുമ്പിക്കൈയ്യില്‍. ക്ഷുഭിതനായ കാട്ടാന 18 കാരന്റെ കാല്‍ ചവിട്ടിയൊടിച്ചു. മൂന്നാറിലാണ് സംഭവം. കണ്ണന്‍ ദേവന്‍ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാര്‍ സൗത്ത് ഡിവിഷനിലെ തൊഴിലാളികളായ കുമരന്റെയും സമുദ്രക്കനിയുടെയും മകന്‍ സുമിത്കുമാര്‍ (18) ആണ് കാട്ടാനയുടെ മുന്നില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
ടൗണില്‍ നിന്ന് വീട്ടിലേക്ക് കുട പിടിച്ച് പോകുകയായിരുന്നു സുമിത്. കനത്ത കാറ്റും മഴയുമുണ്ടായിരുന്നു. അപ്പോഴാണ് സുമിത് കാട്ടാനയുടെ തുമ്പിക്കൈയ്യില്‍ പോയിടിച്ചത്. ഇതോടെ ആന സുമിത്തിനെ തട്ടിയെറിഞ്ഞു. പിന്നാലെ അടുത്ത് വന്ന് കാലില്‍ ചവിട്ടി നിന്നു. ആനയുടെ ശ്രദ്ധ തെറ്റി മാറിയ തക്കം നോക്കി സുമിത്ത് അടുത്തുള്ള തോട്ടത്തില്‍ ഒളിക്കുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷാ യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ആന മാറിയത്. കാട്ടാന ആക്രമണത്തില്‍ സുമിത്തിന്റെ കാലിനും താടിയെല്ലിനും പരിക്കുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.