കോന്നി: കല്ലേലി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ എസ്റ്റേറ്റ് ഭാഗത്ത് ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കല്ലേലി എസ്റ്റേറ്റ് ഈസ്റ്റ് – വെസ്റ്റ് ഭാഗങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കാടിറങ്ങി എത്തുന്ന കാട്ടാന കൂട്ടത്തെ ഭയന്നാണ് തൊഴിലാളികളും നാട്ടുകാരും കഴിയുന്നത്. നിരവധി റബ്ബര്‍ മരങ്ങളും കൃഷികളും അടക്കം കാട്ടാനകള്‍ നശിപ്പിക്കുന്നത് പതിവാകുകയാണ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കല്ലേലി എസ്റ്റേറ്റ് തൊഴിലാളികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തല നാരിഴക്ക് രക്ഷപെട്ടത്. പുലര്‍ച്ചെ ജോലിക്കായി പോയ നാല് ടാപ്പിംഗ് തൊഴിലാളികള്‍ക്ക് നേരെ ഒറ്റയാന്‍ പാഞ്ഞടുക്കുകയും തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ അത്ഭുതകരമായി രക്ഷപെടുകയും ആയിരുന്നു.
നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന വനാതിര്‍ത്തിയിലാണ് എസ്റ്റേറ്റ് ഉള്ളത്. എസ്റ്റേറ്റിനുള്ളില്‍ കൈത കൃഷി ഉള്ളതിനാല്‍ കൈതച്ചക്ക തിന്നാനും കാട്ടാന എത്താറുണ്ട്. വന മേഘലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നു എങ്കിലും ഇവയില്‍ പലതും പ്രവര്‍ത്തന ക്ഷമമല്ല. കാട്ടാന ശല്യം രൂക്ഷമായതിനാല്‍ വനാതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കണം എന്ന് വനം വകുപ്പിനോട് എസ്റ്റേറ്റ് അധികൃതര്‍ ആവശ്യപെട്ടിരുന്നു എങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കാട്ടാന ആക്രമണം രൂക്ഷമായത് മൂലം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ പോലും സ്വസ്ഥമായി കിടന്ന് ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ലയങ്ങളുടെ തൊട്ടടുത്ത് പോലും കാട്ടാന കൂട്ടം എത്തിയിരുന്നു.