കലഞ്ഞൂർ : കുളത്തുമൺ താമരപ്പള്ളി മേഖലയിൽ ബുധനാഴ്ചരാത്രി കാട്ടാനക്കൂട്ടം എത്തിയത് ജനവാസമേഖലയിൽ. ഒരു കുട്ടിയാന ഉൾപ്പെടെ നാല് ആനകളാണ് ഇവിടെ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തുള്ള റബ്ബർ എസ്റ്റേറ്റിൽകൂടിയാണ് കാട്ടാനകൾ ഇവിടെ എത്തിയിട്ടുള്ളത്. ഇവിടെനിന്ന് ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് വനാതിർത്തി സ്ഥിതി ചെയ്യുന്നത്. ആദ്യമായിട്ടാണ് വീടുകളുടെ മുറ്റംവരെ കാട്ടാന എത്തുന്നത്. കുളത്തുമൺ ജിജ അരുണിന്റെ വീട്ടുമുറ്റത്തുള്ള തെങ്ങ് പൂർണമായും വലിച്ചിളക്കിയാണ് കാട്ടാനകൾ പോയത്. വീടിന് മുറ്റത്തോട് ചേർന്നുള്ള വാഴകളും നശിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് താമരശ്ശേരിൽ ബൈജു പുഷ്പന്റെ വീട്ടുമുറ്റത്തേക്ക് കാട്ടാനകൾ എത്തിയത്. ഇവിടെയും വാഴക്കൃഷി നശിപ്പിച്ചു. കൃഷ്ണകൃപയിൽ സുധാകരന്റെ വീട്ടുമുറ്റത്തും കാട്ടാന കയറി.
വീടിന് മുമ്പിലുളള പ്ലാവിൽനിന്ന് ചക്കകൾ വലിച്ച് താഴെയിട്ടിട്ടുണ്ട്. ഒപ്പം വയലിൽ കൃഷിചെയ്തിട്ടുള്ള വാഴകളും നശിപ്പിച്ചു. റോഡരികിൽ കൂട്ടിയിട്ടിരുന്ന മെറ്റലുകൾ തട്ടിയെറിയുകയും ചെയ്തു. ഇവിടേക്കുള്ള വഴിയിൽ എല്ലാം കൃഷികൾ നശിപ്പിച്ച് വലിച്ചുകൊണ്ടുവന്നിട്ടിരിക്കുകയാണ്. ഇതിനൊപ്പമാണ് വിളയിൽ പടിഞ്ഞാറ്റേതിൽ ഓമനക്കുട്ടന്റെ കൃഷിയിടത്തിൽ എത്തി വാഴക്കൃഷി പൂർണമായും നശിപ്പിച്ചത്. ഓമനക്കുട്ടന്റെ കൃഷിയിടത്തിലേക്ക് രണ്ട് ആനകളും ഈ വീടുകളുടെ അടുത്തേക്ക് ഒരു കുട്ടിയാന ഉൾപ്പെടെ രണ്ടാനകളുമാണ് വന്നതെന്നാണ് നാട്ടുകാർ പറഞ്ഞത്. ഓമനക്കുട്ടന്റെ കൃഷിയിടത്തിന് സമീപത്തുള്ള വീട്ടിലെ ആളുകൾ രണ്ട് ആനകൾ ഇവിടെ എത്തി കൃഷി നശിപ്പിക്കുന്നത് കണ്ടിരുന്നു. അവരാണ് ഓമനക്കുട്ടനെ രാത്രിയിൽ വിളിച്ച് വിവരം പറഞ്ഞത്.