കോന്നി : കല്ലേലി കൊക്കാത്തോട് റോഡിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും ആനകളെ തുരത്തുവാൻ നടപടിയില്ല. കഴിഞ്ഞ ദിവസമാണ് കാറിൽ വന്ന യുവാക്കൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ആറരയോടെ കല്ലേലി എസ്റ്റേറ്റ് ഫീൽഡ് ഓഫീസർ വിദ്യാധരനെ കാട്ടാന ഓടിക്കുകയും ഇയാൾ വീണു പരിക്കേൽക്കുകയും ചെയ്തിരുന്നു. കല്ലേലി-കൊക്കത്തോട് റോഡിൽ ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന പന തള്ളി റോഡിലേക്ക് മറിച്ചിടുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തത്. ഇതിനു മുൻപ് കല്ലേലി മേശിരിക്കാനാ ഭാഗത്ത് സ്കൂട്ടർ യാത്രക്കാരായ അമ്മയും മകളും സ്കൂട്ടറിന്റെ ടയറുകൾ ചെളിയിൽ പുതഞ്ഞതിനെ തുടർന്ന് കാട്ടാനയുടെ മുൻപിൽ അകപെടുകയും സ്കൂട്ടർ ഉപേക്ഷിച്ചോടി രക്ഷപെടുകയുമായിരുന്നു. കുളത്തുമൺ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് തുരത്തി കാട്ടിലേക്ക് അയക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി എങ്കിലും കല്ലേലിയിൽ ഇറങ്ങി ഭീതി വിതയ്ക്കുന്ന കാട്ടാനകളെ തുരത്തുന്നതിന് ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കുന്നില്ലന്ന് പരാതി ഉണ്ട്.
കല്ലേലിയിലെ ശല്യക്കാരായ കാട്ടാനകളെ പിടികൂടി വനത്തിലേക്ക് കയറ്റിവിടുവാനാണ് ശ്രമിക്കുന്നത് എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് പാടം ഫോറസ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് കല്ലേലി, കുളത്തുമൺ പ്രദേശങ്ങൾ. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ തന്നെ നിരവധി തവണയാണ് കാട്ടാനകൾ ഈ പ്രദേശങ്ങളിൽ എത്തുകയും വ്യാപമായി കർഷകരുടെ കൃഷി നശിപ്പിക്കുകയും ചെയ്തത്. കല്ലേലി റോഡിൽ ഇറങ്ങുന്ന കാട്ടാനകൾ യാത്രക്കാർക്കും ഭീഷണിയായി തുടരുകയാണ്. സന്ധ്യ കഴിഞ്ഞാൽ പിന്നെ കല്ലേലി കൊക്കാത്തോട് റോഡിൽ വാഹനയാത്ര കാട്ടാന ശല്യം മൂലം ദുഷ്കരമായി തീരുകയാണ്. റോഡിൽ പലയിടങ്ങളിലെയും വെളിച്ച കുറവും കാട്ടാന ഭീതി വർധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ റോഡിലെ വളവുകളിൽ ഇറങ്ങി നിൽക്കുന്ന കാട്ടാനകളെ റോഡിലെ വെളിച്ചക്കുറവ് മൂലം കാണുവാനും പ്രയാസമാണ്.
കല്ലേലി കുളത്തുമൺ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി വ്യാപകമായി കൈത കൃഷി നടത്തുന്നത് കാട്ടാനകളെ വനത്തിൽ നിന്നും നാട്ടിലേക്ക് ആകർഷിക്കുന്നുയെന്ന് നാട്ടുകാർക്കു പരാതിയുണ്ട്. ഇത് പരിഹരിക്കുന്നതിനായി കോന്നി ഡി എഫ് ഒ കൈത്താകൃഷി ഉടമകൾക് നോട്ടീസ് നൽകിയിരുന്നു. കൈതചക്കയുടെ ഗന്ധം കാട്ടാനകളെ വന്നതിനു പുറത്തേക്ക് ആകർഷിക്കുന്നതായി വനം വകുപ്പ് അധികൃതരും പറയുന്നുണ്ട്. ഇത്തരത്തിൽ കൃഷി നടത്തുന്ന തോട്ടത്തിന് സമീപമായാണ് കാട്ടാനയെ ഷോക്കേറ്റു ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വനം വകുപ്പും പോലീസും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ വനത്തിനുള്ളിൽ കട്ടനാക്കൂട്ടത്തെ കണ്ടെത്തിയിരുന്നു.