കോന്നി : തണ്ണിത്തോട് മൂഴിയിൽ പ്രധാന റോഡിൽ കാട്ടാന കൂട്ടത്തിന്റെ സാന്നിധ്യം പതിവാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി ആനകൾ കല്ലാർ കടന്ന് റോഡിലേക്ക് കയറിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ പെട്രോളിംഗിനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് ആന റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി വി ഗിരിയുടെ നേതൃത്ത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തിരികെ കയറ്റുകയായിരുന്നു. തണ്ണിത്തോട് മൂഴിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന കൈതച്ചക്കയുടേയും പഴക്കുലയുടേയും ഗന്ധം ആനകളെ റോഡിലേക്ക് ഇറങ്ങുന്നതിന് പ്രേരിപ്പിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കണമെന്ന് വ്യാപാരികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വനപാലകർ പറഞ്ഞു. കഴിഞ്ഞ ദിവസം പകലും ആനകൾ തണ്ണിത്തോട് മൂഴിയിൽ കല്ലാറ്റിൽ നിലയുറപ്പിച്ചിരുന്നു.