വാഷിങ്ടണ്‍: ന്യൂ ജഴ്സി ഓഷ്യന്‍ കൗണ്ടിയിലെ ബാനെഗറ്റ് ടൗണ്‍ഷിപ്പില്‍ കാട്ടുതീ പടരുന്നു. ന്യൂ ജഴ്സി ഫോറസ്റ്റ് ഫയര്‍ സര്‍വീസിന്റെ കണക്കനുസരിച്ച് 1200 ഏക്കര്‍ വനപ്രദേശം പൂര്‍ണ്ണമായും കത്തിനശിച്ചു. പ്രദേശവാസികളായ ആയിരക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെല്‍സ് മില്‍സ് റോഡിലെ ആളുകളെയാണ് ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഭീഷണിയിലാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ച പതിനാറ് കെട്ടിടങ്ങളിലുള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി ഒഴിപ്പിച്ചിട്ടുണ്ട്.
ഗ്രീന്‍വുഡ് ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് മാനേജ്‌മെന്റ് മേഖലയുടെ ഒരു ഭാഗം തീ മൂടിയതായും ഇവിടെ നിന്ന് കട്ടിയുള്ള പുക വമിക്കുന്നതായും ആകാശ ദൃശ്യങ്ങളില്‍ കാണാം. പ്രദേശത്തെ നിരവധി റോഡുകള്‍ അടച്ചതോടെ വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. തീ പടരുന്നത് തടയാൻ അഗ്നിശമന സേനാംഗങ്ങള്‍ ഹെലികോപ്റ്ററും വിമാനവും ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്യുകയാണ്. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങള്‍ പ്രദേശത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. കാട്ടുതീയുടെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.