തിരുവനന്തപുരം : കാട്ടുമൃഗങ്ങളെ ഭയന്ന് വിതുരയിലെ ആദിവാസി ഊരുകളിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. മൃഗങ്ങൾ രാത്രിയിൽ ഉൾവനത്തിൽ നിന്ന് ഊരുകളിലേക്ക് ഇറങ്ങുകയാണ്. കാട്ടാന, കാട്ടുപോത്ത്, കരടി, കുരങ്ങ് എന്നിവയൊക്കെയും രാത്രികാലങ്ങളിൽ ഊരുകളിലെത്തുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.
ഇവ ഇറങ്ങുന്നതോടെ കൃഷി നാശവും പതിവായി. കാട്ടാനക്കൂട്ടം ഇറങ്ങുന്നതും നാശമുണ്ടാക്കുന്നതും രണ്ട് വർഷത്തിനിടെ നിരവധി തവണ വാർത്തയായിരുന്നു. ആക്രമണങ്ങൾ പതിവാണെങ്കിലും തടയാൻ നടപടികളില്ലെന്നാണ് ഇവരുടെ ആരോപണം. തീയിടൽ, പടക്കം പൊട്ടിക്കൽ, പാട്ടകൊട്ടലൊക്കെയാണ് ഇപ്പോഴും തുടന്നുപോരുന്ന പ്രതിരോധ മാർഗങ്ങൾ. ആനനകളെ ഓടിക്കാൻ ചിലയിടങ്ങളിൽ മാത്രം കിടങ്ങുകളും ഉണ്ട്. കാട്ടുമൃഗ ശല്യത്തിന് പരിഹാരം വേണമെന്ന് ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നു.