പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ സ്ത്രീകളെയും കുട്ടിയെയും പൂട്ടിയിട്ട കേസില്‍ മന്ത്രവാദിനിയും കൂട്ടാളിയും കീഴടങ്ങി. വാസന്തി മഠം എന്ന പേരില്‍ ആഭിചാര കേന്ദ്രം നടത്തിയിരുന്ന ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനുമാണ് കീഴടങ്ങിയത്. അനധികൃതമായി തടഞ്ഞു വെക്കല്‍, ദേഹോപദ്രവം എന്നി വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. ഒളിവില്‍ പോയ പ്രതികള്‍ രണ്ടുദിവസം കഴിഞ്ഞ് മലയാലപ്പുഴ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് വീട്ടില്‍ പൂട്ടിയിട്ടിരുന്ന സ്ത്രീകളെയും കുട്ടിയെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് മോചിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭനയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ടിരുന്നത്. മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തര്‍ക്കമാണ് പൂട്ടിയിടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. മന്ത്രവാദ കേന്ദ്രത്തില്‍ നിന്ന് കരച്ചിലും ബഹളവും ഉയര്‍ന്നതോടൊണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.