പത്തനംതിട്ട : കുട്ടികൾക്കിടയിൽ പടരുന്ന ലഹരിയുടെ ഉപഭോഗം ഇല്ലാതാക്കുന്നതിനും അവയുടെ ദൂഷ്യഫലങ്ങൾബോധ്യപെടുത്തുന്നതിനോടുമൊപ്പം കുട്ടികളെ കളികളുടെ ലഹരിയിലാക്കാൻ കുടുംബശ്രീ ജില്ലാ മിഷനും പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തവുമായി ഒരു വർഷകാലം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് പേരും ലോഗോയും ക്ഷണിക്കുന്നു.”ലഹരി തകർക്കാൻ കളിയും കളിക്കളവുമായി” എന്നതാണ് ടാഗ് ലൈൻ. കുട്ടികളെ കളിയുമായി ബന്ധിപ്പിച്ച് ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക, എല്ലാ വാർഡുകളിലും കളിക്കളങ്ങൾ തയ്യാറാക്കുക, ബാലസഭാ കുട്ടികൾക്ക് ഉൾപ്പെടെ ജില്ലയിലെ കുട്ടികൾക്ക് കളികളിൽ ആഭിമുഖ്യം വളർത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
വാർഡ്‌തലം മുതൽ കളിക്കളങ്ങൾ ഒരുക്കി വാർഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തിൽ ഫുട്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഇതിന്റെ ഭാഗമായി നടക്കും. ഓരോ വാർഡിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടീമുകൾ ഉണ്ടാകും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എ ഡി എസ്, സ്കൂൾ പി ടി എ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി ഈ ക്യാമ്പയിന് ആകർഷകമായ ഒരു പേരും ലോഗോയും ക്ഷണിക്കുന്നു. പൊതുജനങ്ങൾക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും സമർപ്പിക്കാം. തെരഞ്ഞെടുക്കുന്നവയ്ക്ക് ജൂൺ 5 ന് സമ്മാനവും നൽകും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 2. അയക്കേണ്ട വിലാസം : logocompetition602@ gmail.com 8547716844 .