കോന്നി : മറൂരിലെ തര്‍ക്ക സ്ഥലം ടാര്‍ ചെയ്‌തതോടെ യാത്രക്കാരുടെ ഏറെ നാളത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും നിയമ പ്രശ്‌നങ്ങള്‍ക്കും ഒടുവിലാണ് ടാറിങ് ജോലികള്‍ നടന്നത്. കോടികള്‍ മുടക്കി ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച പൂങ്കാവ് – പ്രമാടം- പത്തനംതിട്ട റോഡിലെ മറൂര്‍ ഭാഗത്ത് വ്യക്‌തി തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നാനൂറ് മീറ്റര്‍ ഭാഗത്തെ പണികള്‍ മുടങ്ങിയത്. ഇതോടെ ഇവിടം അപകടക്കെണിയാവുകയും ശക്‌തമായ മഴയെ തുടര്‍ന്ന് റോഡിന് ബലക്ഷയം നേരിടുകയും ചെയ്‌തു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് റീ സര്‍വേ നടത്തി വ്യക്‌തിയുടെ വസ്‌തു അളന്ന് തിട്ടപ്പെടുത്തിയ ശേഷം പണികള്‍ പുനരാരംഭിക്കുകയായിരുന്നു. ബലക്ഷയം നേരിട്ട ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടിയ ശേഷമാണ് ടാറിങ് നടത്തിയത്.
പത്തനംതിട്ട നഗരത്തിലേക്കുള്ള പ്രമാടം ഗ്രാമപഞ്ചായത്തിന്റെ പ്രവേശന കവാടമായ ഇതുവഴിയുള്ള യാത്ര ആശങ്കാജനകമായിരുന്നു. നിരവധി അപകടങ്ങള്‍ ഇതിനോടകം ഇവിടെ നടന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സംരക്ഷണ ഭിത്തി കെട്ടാന്‍ മണ്ണ് മാറ്റിയപ്പോഴാണ് വ്യക്‌തി തര്‍ക്കം ഉന്നയിച്ചതും പണികള്‍ മുടങ്ങിയതും. ഇതോടെ റോഡിന്റെ വശം ഇടിഞ്ഞ് താഴുന്ന അവസ്ഥയിലായിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ ദൈനംദിനം കടന്നു പോകുന്ന റോഡാണിത്. പരാതിക്കാരനായ വ്യക്‌തിയുമായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റോഡ് വികസനത്തിന് ഭൂമി വിട്ടുനല്‍കാന്‍ ഇദ്ദേഹം തയാറായിരുന്നില്ല. പിന്നീട് റീ സര്‍വേ നടത്തിയാണ് തുടര്‍ വികസനം സാധ്യമാക്കിയത്.