ന്യൂഡല്‍ഹി : അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് രാജ്യത്തെവിടെയും ഓടാനാകുന്നവിധം ഓണ്‍ലൈന്‍ നയം പ്രഖ്യാപിച്ചതിനു പിന്നാലെ ഇവയ്ക്ക് നിയമ പരിരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. കെ.എസ്.ആര്‍.ടി.സി.ക്ക് ദേശസാത്കൃതപാതകളില്‍ കുത്തകാവകാശം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മാതൃകയില്‍ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് തടസ്സമില്ലാതെ ഓടാന്‍ അവസരമൊരുക്കുകയാണു ലക്ഷ്യം. 2019-ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പദ്ധതി തയ്യാറാക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു നല്‍കിയിരുന്നു. ഒന്നിലധികം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന ബസുകള്‍ക്ക് അവിടങ്ങളിലെ നിയമവും നികുതിഘടനയിലെ വ്യതിയാനവും തടസ്സമാകുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം.
കെ.എസ്.ആര്‍.ടി.സി.ക്കു ഭീഷണിയാകാനിടയുള്ള നടപടി മുന്നില്‍ക്കണ്ട് എതിര്‍പ്പറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരും നടപടിയാരംഭിച്ചു. വിയോജിപ്പ് അറിയിക്കാന്‍ കേന്ദ്രത്തിനു കൈമാറുന്ന കത്തില്‍ ഇക്കാര്യം പരാമര്‍ശിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നാഷണലൈസ്ഡ് സ്‌കീം, സംസ്ഥാനത്തെ പെര്‍മിറ്റ് വ്യവസ്ഥ ലംഘിക്കുന്നതാകരുതെന്ന് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് വിയോജനക്കുറിപ്പ് തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറിയെ മന്ത്രി എ.കെ. ശശീന്ദ്രന്‍ ചുമതലപ്പെടുത്തി. അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുവേണ്ടിയാണ് ഈ നടപടി. അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് രാജ്യവ്യാപകമായി ഏകീകൃത പെര്‍മിറ്റും നികുതിയും ഏര്‍പ്പെടുത്തുന്നതും കേന്ദ്ര പരിഗണനയിലുണ്ട്.