തിരൂർ: ഒരു കോടി രൂപയും 125 പവനും കൈക്കലാക്കി വഞ്ചിച്ചെന്ന കേസിൽ സ്ത്രീ അറസ്റ്റിലായി. പടിഞ്ഞാറെക്കര സ്വദേശിനി നായിക്കരുമ്പിൽ സജ്ന (ഷീന-40)യെയാണ് തിരൂർ പോലീസ് അറസ്റ്റു ചെയ്തത്. തിരൂർ സ്വദേശിയായ ആഷിക്കലിയുടെ പരാതിയിലാണ് നടപടി. പ്രതിയെ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ആഷിക്കലി തുടങ്ങാനിരുന്ന റൈസ് മിൽ ബിസിനസിൽ പാർട്ണറായി ചേരാമെന്ന് സജ്ന പറഞ്ഞു. ഇതിനുവേണ്ടി ട്രഷറിയിൽ കുടുങ്ങിക്കിടക്കുന്ന പണം പിൻവലിക്കാൻ സാധിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പിന്റെ പ്രശ്നം തീർക്കാതെ പണം ലഭിക്കില്ലെന്നും തെറ്റിദ്ധരിപ്പിച്ചു.
തുടർന്ന് ആദായ നികുതി വകുപ്പിന്റെ പ്രശ്നം പരിഹരിക്കാൻ പലതവണയായി ആഷിക്കലിയിൽനിന്ന് ഒരുകോടി രൂപയും 125 പവൻ സ്വർണവും തട്ടിയെടുത്തെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പലസ്ഥലങ്ങളിലായി മൂന്നുവർഷത്തോളം ഒളിവിൽ കഴിയുകയായിരുന്നു സജ്നയെന്ന് പോലീസ് അറിയിച്ചു. പാലക്കാട്ട് പലസ്ഥലങ്ങളിൽ മാറിമാറിത്താമസിച്ച ഇവർ രണ്ടാഴ്ചയായി മൂലയ്ക്കൽ എന്ന സ്ഥലത്ത് താമസിച്ചു വരുകയായിരുന്നു. ഇവർ മറ്റു പലരിൽനിന്നും പണം കൈക്കലാക്കി വഞ്ചിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.