കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ വെച്ച് പിടിയിലായ എഴുകോണ്‍ സ്വദേശിനിയുടെ അറസ്റ്റിൽ ഞെട്ടി കുടുംബം. എഴുകോൺ ബദാം ജംഗ്ഷന്‍ രാഖി നിവാസിൽ ആർ രാഖിയെയാണ് (25) ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒറിജിനലിനെ വെല്ലുന്ന രേഖകളാണ് പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവുമായെത്തിയ രാഖിയുടെ കൈവശം ഉണ്ടായിരുന്നത്. പല റാങ്ക് ലിസിറ്റിലും തന്റെ പേരുണ്ടെന്നായിരുന്നു രാഖി വാദിച്ചിരുന്നത്. രാഖിയുടെ അവകാശവാദം ഇവരുടെ ഭർത്താവ് അടക്കമുള്ളവർ വിശ്വസിച്ചിരുന്നു. അതിനാൽ തന്നെ യുവതിയുടെ അറസ്റ്റ് ഭർത്താവിനും കുടുംബത്തിനും ഒരു ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ഇന്നലെ ഭർത്താവിന്റെ കുടുംബത്തോടൊപ്പം ആണ് രാഖി എത്തിയത്. രാഖിയുടെ കൈയിൽ റവന്യു വകുപ്പിൽ ജോലി ലഭിച്ചതായുള്ള പിഎസ്‍സിയുടെ അഡ്വൈസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്നിവ ഉണ്ടായിരുന്നു. രേഖകൾ പരിശോധിച്ച താലൂക്ക് ഓഫീസ് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് രേഖകൾ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസിൽദാർ കലക്ടർക്കും കരുനാഗപ്പള്ളി പോലീസിലും പരാതി നൽകി. പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പിഎസ്‍സി റീജനൽ ഓഫീസിലെത്തി റാങ്ക് ലിസ്റ്റിൽ ആദ്യം പേരുണ്ടായിരുന്നെന്നും അഡ്വൈസ് മെമ്മോ തപാലിൽ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു.
പിഎസ്‍സി ഉദ്യോഗസ്ഥർ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞു. രാത്രിയോളം പോലീസിനെയും ഉദ്യോഗസ്ഥരെയും വട്ടംചുറ്റിച്ച ശേഷമാണ് യുവതി ഒടുവില്‍ സത്യം തുറന്ന് പറഞ്ഞത്. അവസാനം വരെ രാഖിയെ വിശ്വസിച്ച് ഭർത്താവ് കൂടെ നിന്നു. ഒറിജിനല്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ കീറിക്കളഞ്ഞാലോ എന്നോര്‍ത്ത് താന്‍ കൊടുത്തില്ലെന്ന് യുവതിയുടെ ഭര്‍ത്താവും പറഞ്ഞു. രാഖിയുടെ കൈവശമുണ്ടായിരുന്നത് വ്യാജരേഖയാണെന്ന് ഭര്‍ത്താവുള്‍പ്പടെയുള്ളവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.