കോയമ്പത്തൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്ന കേസിൽ പൊള്ളാച്ചിയിൽ യുവതി അറസ്റ്റിൽ. 17 വയസ്സുകാരനെ വിവാഹം കഴിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ച 19 വയസ്സുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
11-ാം ക്ലാസ് പഠനം പൂർത്തിയാക്കിയ യുവതിയും അയൽപക്കത്ത് താമസിക്കുന്ന 17 കാരനും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 26 നാണ് ഇരുവരും പഴനിയിലെത്തി വിവാഹിതരായത്. ഓഗസ്റ്റ് 27 ന് കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ യുവതി 17 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനുപിന്നാലെ ആൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് യുവതി തന്നെ 17 കാരനെ ചികിത്സയ്ക്കായി പൊള്ളാച്ചിയിൽ എത്തിക്കുകയായിരുന്നു. ഇതോടെയാണ് വിവാഹവും പീഡനവിവരവും പുറത്തറിഞ്ഞത്.
പ്രതിക്കെതിരേ പോക്സോ നിയമപ്രകാരവും ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് ഇൻസ്പെക്ടർ ആർ.കൊപ്പേരുന്ദേവി അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നവരാണെന്നും ഇൻസ്പെക്ടർ പറഞ്ഞു.
അതേസമയം കേസിൽ പല നൂലാമാലകളും ഉണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. പോലീസ് ചുമത്തിയ വിവിധ വകുപ്പുകളെ സംബന്ധിച്ചും നിയമവിദഗ്ധർ ആശങ്ക ഉന്നയിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയാലാണ് ഐ.പി.സി. 366 ചുമത്തുകയെന്ന് മുതിർന്ന അഭിഭാഷകനായ സി. ജ്ഞാനഭാരതി ചൂണ്ടിക്കാണിക്കുന്നു. പോക്സോ നിയമത്തിലെ 5(1), 6 സെക്ഷനുകൾ സ്ത്രീകൾ പ്രതിസ്ഥാനത്തുവരുന്ന കേസുകളിൽ ചുമത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.