കണ്ണൂർ: കണ്ണൂർ കായലോട് സദാചാര ആക്രമണത്തിൽ ഭയന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. ആൺസുഹൃത്ത് റഹീസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ സംഘം ചേർന്ന് പിടിച്ചിറക്കി മർദിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. ഫോണിലുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണും ടാബും കൈക്കലാക്കിയെന്നും സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽവെച്ച് മർദിച്ചു എന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. ബഷീർ, റഫ്നാസ്, ഫൈസൽ, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ് കേസ്. അതിൽ മുബഷീർ, ഫൈസൽ,റഫ്‌നാസ്, സുനീർ,സക്കറിയ എന്നിവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് പിണറായി പോലീസ് സ്റ്റേഷനിൽ ആൺസുഹൃത്ത് റഹീസ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തലശ്ശേരി എഎസ്പി പി ബി കിരണിന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തു. സദാചാര ആക്രമണം നടന്നിട്ടുണ്ടോ, എസ് ഡി പി ഐ ഓഫീസിലേക്ക് ആരാണ് കൊണ്ടുപോയത്, ഇവിടെ എന്താണ് നടന്നത് തുടങ്ങിയ വിവരങ്ങളും റഹീസിൽ നിന്ന് അന്വേഷണസംഘം ശേഖരിച്ചിരുന്നു. റഹീസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.