തെലങ്കാന : കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം വാങ്ങാൻ ക്യൂവിൽ കാത്തിരുന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. തെലങ്കാനയിലാണ് 47 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. 1500 രൂപയാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിന് സമീപത്തുള്ള മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു ഇവർ. പെട്ടെന്നാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ കാർഡ് കൈവശമുള്ള ഓരോ കുടുംബത്തിനും പച്ചക്കറികളും പലവ്യജ്ഞനങ്ങളും വാങ്ങുന്നതിന് വേണ്ടി 1500 രൂപ സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചിരുന്നു. ഇത് വാങ്ങുന്നതിന് വേണ്ടിയാണ് സ്ത്രീ എത്തിയത്. ഭക്ഷ്യ സുരക്ഷാ കാർഡ് ഉള്ള എല്ലാവർക്കും 12 കിലോ അരി നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.