കോഴിക്കോട് : പ്രസവത്തെ തുടർന്നുണ്ടായ ചികിത്സ പിഴവ് മൂലം യുവതി മരിച്ചതായി ആരോപണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. സമഗ്ര അന്വേഷണമാവശ്യപ്പെട്ട് പോലീസിനും ജില്ലാ കളക്ടർക്കും ബന്ധുക്കൾ പരാതി നൽകി.
കോഴിക്കോട് വട്ടോളി സ്വദേശിയായ ദിബിഷയെ കഴിഞ്ഞ മാസം 28നാണ് പ്രസവത്തിനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിറ്റേ ദിവസം രാവിലെ ലേബർ റൂമിൽ പ്രവേശിപ്പിക്കപ്പെട്ട ദിബിഷ ഉച്ചയോടെ പെണ്‍കുഞ്ഞിന് ജന്മം നൽകി. രാത്രിയോടെ ദിബിഷ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയച്ചതായി ബന്ധുക്കൾ പറയുന്നു.
ദിബിഷ മരിച്ചതിന് ശേഷമാണ് ഗർഭപാത്രം നീക്കം ചെയ്തതടക്കമുള്ള കാര്യങ്ങൾ അറിഞ്ഞതെന്നും ആരോപണമുണ്ട്. ശ്വാസ തടസ്സവും ഉയർന്ന രക്തസമ്മർദ്ദവുമാണ് ദിബിഷയുടെ നില വഷളാക്കിയതെന്നും ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോഴാണ് ഗർഭപാത്രം നീക്കേണ്ടി വന്നതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.