മലപ്പുറം: യുവതിയെ വീടിന്റെ ടെറസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ നജ്മുന്നീസ ഞായറാഴ്‌ചയാണ് മരിച്ചത്. നജ്മുന്നീസ വീടിന്റെ ടെറസിൽ മരിച്ചു കിടക്കുന്നുവെന്ന് ഞായറാഴ്ച പുലർച്ചെയാണ് മുഹിയുദ്ദീൻ അയൽക്കാരെയും ബന്ധുക്കളെയുമൊക്കെ അറിയിച്ചത്. മരിക്കുന്നതിന് മുമ്പത്തെ ദിവസം നോമ്പുതുറക്കാനായി യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയ ഭാര്യ, തന്നെ നിരീക്ഷിക്കുന്നതിനായി വീടിന്റെ പിറകിൽ കോണിവച്ച് ടെറസിൽ കയറി.
പുലർച്ചെ ഫോണിൽ നിന്ന് അലാറം അടിക്കുന്നത് കേട്ട് ടെറസിൽ കയറി നോക്കിയപ്പോഴാണ് നജ്മുന്നീസയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് പ്രതിയുടെ മൊഴി.എന്നാൽ മുകളിൽ നിന്ന് ശബ്ദം കേട്ട് പ്രതി ചെന്നുനോക്കിയപ്പോൾ ഭാര്യയെ കണ്ടെന്നും, ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും യുവതിയെ കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഭർത്താവിനെതിരെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇത് അവർ പിൻവലിക്കുകയും ചെയ്തിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.