തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായില്‍ തുണിതിരുകിയ ശേഷം കമ്പിപ്പാരകൊണ്ടാണ് ലാനാ മണിയെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ആക്രമിച്ചത്. കൈകളിലും കാലിലും കുത്തേറ്റിട്ടുണ്ടെന്നാണ് കൊല്ലപ്പെട്ട ലീനാമണിയുടെ സഹോദരിപുത്രന്റെ മൊഴി. ഇന്ന് രാവിലെ വര്‍ക്കല അയിരൂരിലാണ് കൊലപാതകം നടന്നത്. കളത്തറ എം.എസ്. വില്ലയില്‍ ലീനാ മണി(56)യെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ വെട്ടിക്കൊന്നത്.
രാവിലെ ഒരുവിവാഹചടങ്ങിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനാ മണിക്ക് നേരേ ആക്രമണമുണ്ടായത്. ലീനയുടെ ഭര്‍തൃസഹോദരന്മാരായ അഹദ്, മുഹസിന്‍, ഷാജി എന്നിവരും അഹദിന്റെ ഭാര്യയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ വീട്ടില്‍ സഹായിയായി നില്‍ക്കുന്ന സരസുവിന് പരുക്കേറ്റിരുന്നു. അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നര വര്‍ഷം മുന്‍പാണ് ലീനയുടെ ഭര്‍ത്താവ് എം.എസ്. ഷാന്‍ എന്ന സിയാദ് മരിച്ചത്. ഇതിനു ശേഷം സിയാദിന്റെ പേരിലുള്ള സ്വത്ത് കയ്യടക്കാന്‍ സഹോദരങ്ങള്‍ ശ്രമിച്ചിരുന്നു.