റിയാദ് : പത്തൊൻപതു വർഷത്തോളം തിരിച്ചറിയൽ രേഖയിൽ ആൾമാറാട്ടം നടത്തി സ്വദേശി ചമഞ്ഞു നടന്ന വിദേശ യുവതി സൗദി സുരക്ഷാ അധികൃതരുടെ പിടിയിലായി. ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ യുവതിക്കെതിരെ പരാതി നൽകിയതോടെയാണു തിരിമറി പുറത്തായത്. സൗദി പൗരൻ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുകയും പൗരത്വം നേടുകയും ചെയ്ത തന്റെ സാഹോദരിയുടെ ഐഡി ദുരുപയോഗം ചെയ്താണ് ഇത്രയും കാലം താൻ ജീവിച്ചതെന്നു ചോദ്യം ചെയ്യലിനൊടുവിൽ യുവതി സമ്മതിച്ചു.
സഹോദരി മാരക രോഗത്തെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങുകയും അവിടെ മരിക്കുകയും ചെയ്തതോടെയാണ് തന്നെ സൗദി പൗരൻ വിവാഹം കഴിക്കുന്നത് എന്നാണ് ഇവർ വെളിപ്പെടുത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ ഒത്താശയോടു കൂടി മരിച്ച സഹോദരിയുടെ രേഖകൾ ഉപയോഗിച്ചാണ് ഇതുവരെ ജീവിച്ചു വന്നത് എന്നും യുവതി പറഞ്ഞു. ഭർത്താവിന്റെ മരണത്തിനു ശേഷവും വ്യാജ രേഖയിന്മേലാണ് യുവതി കഴിഞ്ഞു പോന്നത്. അടുത്ത ബന്ധുക്കൾക്ക് ഇത് അറിയാമായിരുന്നു.
കുടുംബവഴക്കിനെ തുടർന്ന് ഈ രഹസ്യമാണ് ഒരു ബന്ധു പുറത്താക്കിയത്. വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും രേഖയിലെ പ്രായം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തതയില്ലാത്ത മറുപടി നൽകുകയും ചെയ്തതോടെ ഉദ്യോഗസ്ഥർക്ക് സംശയം വർധിച്ചു. ഒരു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാൽ വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ 10 വർഷം പിന്നിട്ടതാണെങ്കിൽ ആർട്ടിക്കിൾ 27 പ്രകാരം കുറ്റം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യത്തിൽ പങ്കാളിയായ ഭർത്താവ് മരിച്ചതിനാൽ ആർട്ടിക്കിൾ 21 പ്രകാരം അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റവും നിലനിൽക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി