കോന്നി : സ്‌കൂട്ടറിൽ കറങ്ങി നടന്ന് ആശുപത്രികൾ കേന്ദ്രീകരിച്ചു സ്വർണവും പണവും അപഹരിക്കുന്ന സ്ത്രീയെ കോന്നി പോലീസ് പിടികൂടി. ആറന്മുള ഇടശേരിമല സ്വദേശി പുതുവേലിൽ വീട്ടിൽ ബിന്ദുരാജ് (40) ആണ് പിടിയിലായത്. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ മോഷണവുമായി ബന്ധപെട്ടാണ് പ്രതി പിടിയിൽ ആകുന്നത്. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിയ രോഗിയുടെ കൂട്ടിരുപ്പ്കാരിൽ നിന്നും പ്രതി മുപ്പത്തിനായിരം രൂപ കവർന്നു. സംഭവം ആശുപത്രിയിലെ സി സി റ്റി വി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് കോന്നി എലിയറക്കലിൽ നിന്നും ലഭിച്ച സി സി റ്റി വി ദൃശ്യത്തിൽ പ്രതിയുടെ ചിത്രവും തെളിഞ്ഞു.
തുടർന്ന് കോന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഇവർ പിടിയിലായത്. ആറന്മുള, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ ഇവർക്ക് എതിരെ സമാന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറന്മുള സ്വദേശിയായ ഇവർ പത്തനംതിട്ടയിൽ വാടക വീട് എടുത്ത് താമസിച്ചാണ് മോഷണം നടത്തിയിരുന്നത്. രോഗിയുമായി ആശുപത്രിയിൽ എത്തുന്നവരിൽ നിന്നും ആണ് കൂടുതലായും സ്വർണ്ണവും പണവും അപഹരിച്ചിരിക്കുന്നതും. പ്രതിയെ കോന്നി സി ഐ ശ്രീജിത്ത്, എസ് ഐ വിമൽ രംഗ എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കൃത്യം നടത്തിയ രീതി പോലീസിനോട് വിശദീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.