ഇരവിപുരം: കോവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് വീട്ടിലെത്തി വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തിനുശേഷം കാണാതായ ഭാര്യയെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇരവിപുരം ശരവണ നഗര്‍ 272 വാഴയില്‍ വീട്ടില്‍ ജോയ്സന്‍ (72) നെയാണ് ഭാര്യ പിക്കമ്മ (65) വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. ജോയ്സന്റെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന മരുമകള്‍ മുറിയിലെത്തി നോക്കിയപ്പോഴാണ് കാലുകളിലും തലയിലും വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ടര്‍ ടാങ്കില്‍ ബോധം നഷ്ടപ്പെട്ട നിലയില്‍ പിക്കമ്മയെ കണ്ടത്.
സംഭവമറിഞ്ഞെത്തിയവര്‍ ചേര്‍ന്ന് ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനായിരുന്ന ജോയ്സന്‍ രണ്ടുദിവസം മുമ്പാണ് പാലത്തറയിലെ സഹകരണ ആശുപത്രിയില്‍നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയത്. ഇരവിപുരം പോലീസ് അന്വേഷണമാരംഭിച്ചു.