തിരുവനന്തപുരം : പതിനൊന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഷാളില്‍ കെട്ടിത്തൂക്കി മറ്റേ അറ്റത്ത് മാതാവ് തൂങ്ങി മരിച്ചു. കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. വെഞ്ഞാറമൂട് വേങ്കമല മുളങ്കാട് അജിത് ഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന നേപ്പാള്‍ സ്വദേശിയായ സഞ്ജയയുടെ ഭാര്യ സുനിത (25) യാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സമീപത്ത് കിടന്ന കസേരയില്‍ കാല്‍തട്ടി നിന്നതിനാലാണ് കുഞ്ഞ് രക്ഷപെട്ടത്. ഈ സമയം സഞ്ജയ് വീട്ടിലുണ്ടായിരുന്നില്ല. ഇയാള്‍ തിരിച്ചെത്തിയപ്പോഴാണ് സമീപത്തുള്ളവര്‍ വിവരമറിഞ്ഞത്.
രക്ഷപെട്ട കുഞ്ഞിനെ പരിക്കുകളോടെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂലിപ്പണിക്കാരനായ സഞ്ജയ് ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി. മൂന്നു മാസം മുമ്പാണ് സുനിതയും കുഞ്ഞും ഇവിടെ എത്തിയത്. സുനിതയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുനിതയെ രക്ഷിക്കാനായില്ല. ഇവര്‍ക്ക് അഞ്ചു വയസായ ഒരു ആണ്‍കുട്ടിയുമുണ്ട്. ഇവര്‍ക്ക് പുറമെ നേപ്പാള്‍ സ്വദേശിയായ ഒരു യുവാവും ഈ വീട്ടില്‍ താമസിക്കുന്നുണ്ടെന്ന് അയൽക്കാർ വ്യക്തമാക്കി