പെരുവെമ്പ് : പാലക്കാട് ജില്ലാശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ യുവതി മരിച്ചു. പെരുവെമ്പ് ചോറക്കോട്ടിൽ കെ.മാലതിയാണ് (38) മരിച്ചത്. ശനിയാഴ്ച രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ രക്തസമ്മർദം ക്രമാതീതമായി കൂടുകയും തുടർന്ന് വെൻറിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ യുവതി മരിച്ചു.
23 ന് ഉച്ചയ്ക്ക് പെരുവെമ്പ് ആരോഗ്യകേന്ദ്രത്തിൽനിന്ന് കോവിഡ് പ്രതിരോധകുത്തിവെപ്പ് എടുത്തിരുന്നു. തുടർന്ന് പനി, ഇടുപ്പുവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടതോടെ ജില്ലാശുപത്രിയിൽ ചികിത്സയ്ക്കെത്തുകയും മൂത്രത്തിൽ അണുബാധയാണെന്ന് പറഞ്ഞു മരുന്ന് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മരുന്ന് കഴിച്ചെങ്കിലും വയറുവേദന മാറിയില്ല. മൂത്രം പോകാതെവന്നതോടെ അടുത്ത ദിവസം വീണ്ടും ജില്ലാശുപത്രിയിൽ എത്തി. വീണ്ടും നടത്തിയ പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്നും ഡയാലിസിസ് വേണമെന്നും ഡോക്ടർ നിർദേശിച്ചതായി വീട്ടുകാർ പറഞ്ഞു.
ഇതിനെത്തുടർന്ന് ശനിയാഴ്ച ഡയാലിസിസ് ചെയ്യുമ്പോഴായിരുന്നു മരണം. ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസ് ഇടപെട്ടു. കുത്തിവെപ്പെടുത്ത് 28 ദിവസത്തിനകം മരണം സംഭവിച്ചാൽ പരിശോധന വേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുള്ളതിനാൽ തുടർനടപടികളിലേക്ക് കടന്നു. കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണ്. ഞായറാഴ്ച മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച മൂന്ന് ഫോറൻസിക് സർജന്മാർ, പത്തോളജിസ്റ്റ്, പോലീസ് സർജൻ എന്നിവരടങ്ങിയ സംഘം പോസ്റ്റ്മോർട്ടം നടത്തും. മാലതിക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നും ഒരു മരുന്നും കഴിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മാലതിയുടെ ഭർത്താവ്: വി.രാധാകൃഷ്ണൻ. മക്കൾ: ശ്രീലക്ഷ്മി (ഒമ്പതാം ക്ലാസ്), ശ്രീനന്ദ (മൂന്നാം ക്ലാസ്), ശ്രീനിഖ (ഒരു വയസ്സ്) അമ്മ : ലക്ഷ്മി. അച്ഛൻ: കേശവൻ. സഹോദരി: ഭാഗ്യജ്യോതി.