കൊച്ചി : മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി താഴേക്ക് ചാടിയ സംഭവത്തില്‍ ദുരൂഹത. ഇവരെ അതീവ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഫ്‌ളാറ്റ് ഉടമയെ പോലീസ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 8 മണിയോടെയാണ് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്ന് തമിഴ്‌നാട്ടുകാരിയായ 50 വയസ്സുകാരി താഴേക്ക് ചാടിയത്. ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരി കെട്ടിയിട്ട് അതില്‍ തൂങ്ങിയാണ് അവര്‍ താഴേക്ക് ചാടിയത്. അതീവ ഗുരുതരാവസ്ഥയിലാണ് പിന്നീട് ഇവരെ പ്രദേശവാസികള്‍ കണ്ടെത്തുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ഇവര്‍. മാനസികസമ്മര്‍ദ്ദമോ ശാരീരികമായ പീഡനമോ ഇവര്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. താഴേക്ക് ചാടുമ്പോഴും ഫ്‌ളാറ്റിന്റെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദിവസങ്ങളായി ഇവര്‍ ഫ്‌ളാറ്റിനുള്ളില്‍ അകപെട്ടതാണോ എന്ന സംശയവും പോലീസിനുണ്ട്. ഫ്‌ളാറ്റിന്റെ ഉടമ എറണാകുളം സ്വദേശിയായ ഇംത്യാസ് അഹമ്മദിന്റേതാണ് ഫ്‌ളാറ്റ്. ഫ്‌ളാറ്റ് ഉടമകളുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് ഇയാള്‍.