അത്തോളി : യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 18കാരിയായ അൽക്കയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കന്നൂരിലെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുന്ന സമയം യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
ഭർത്താവ് പ്രജീഷ് പുറത്ത് പോയിരുന്നു. പ്രജീഷിന്‍റെഅച്ഛനും അമ്മയും ജോലിയ്ക്കും പോയിരുന്നു. പ്രജീഷിന്‍റെ പിതാവ് ഉച്ച ഭക്ഷണത്തിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്.
രണ്ട് മാസം മുൻപാണ് അൽക്കയും പ്രജീഷും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. അത്തോളി പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.