ചെങ്ങന്നൂർ : പുലിയൂർ പഞ്ചായത്തിൽ 18-നും 50-നും ഇടയിൽ പ്രായമുള്ള എല്ലാ വനിതകളും ഡിജിറ്റൽ സാക്ഷരരായി. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ വശമില്ലാത്ത 2,100 വനിതകൾകൂടി ഡിജിറ്റൽ സാക്ഷരത നേടിയതോടെയാണ് ഈ ലക്ഷ്യം നേടാനായത്. എല്ലാവരെയും ഡിജിറ്റൽ സാക്ഷരരാക്കാൻ പഞ്ചായത്ത് ഐ.എച്ച്.ആർ.ഡി.യുമായി ചേർന്ന് പദ്ധതി നടപ്പാക്കുകയായിരുന്നു. ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിലെ അവസാനവർഷ വിദ്യാർഥികളെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പ്രോജക്ടായി നൽകുകയായിരുന്നു. 40 വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായത്. പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഡിജിറ്റൽ പഠനത്തിനായി ഒന്നരലക്ഷം രൂപയാണ് മാറ്റിവെച്ചത്. കുടുംബശ്രീയുടെ സഹായത്തോടെയായിരുന്നു പഠിതാക്കളെ കണ്ടെത്തിയത്. എട്ടുമുതൽ 10 വരെയുള്ള പഠിതാക്കളെ ഒരു വീട്ടിൽ ഒന്നിച്ചിരുത്തിയായിരുന്നു പഠനം. 50-നു മുകളിൽ താത്പര്യമുള്ളവരെയും പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. രണ്ടാഴ്ചകൊണ്ടാണ് എല്ലാവരെയും സാക്ഷരരാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഡിജിറ്റൽ ഇടപാടുകൾ ചെയ്യാനറിയാത്ത എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കും.