ചെന്നൈ : തമിഴ്‌നാട് സെക്രട്ടേറിയറ്റ് പരിസരത്ത് മരം കടപുഴകിവീണ് പോലീസുകാരിക്ക് ദാരുണാന്ത്യം.
മുത്തിയാല്‍പ്പെട്ട് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കവിതയാണ് (47) മരിച്ചത്. മരത്തിനിടയില്‍പ്പെട്ട കവിത സംഭവസ്ഥലത്തുതന്നെ മരിക്കുക ആയിരുന്നു. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെല്ലിനുസമീപം ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. മരം വീണ് പരിക്കേറ്റ പോലീസുകാരന്‍ മുരുകന്‍ (46), രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അഗ്‌നിരക്ഷാ സേനാംഗം സെന്തില്‍കുമാര്‍ (51) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കവിതയും, മുരുകനും സെക്രട്ടേറിയറ്റില്‍ നാലാംഗേറ്റില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്ന ജോലിചെയ്തു വരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് വലിയ മരം കടപുഴകിവീണത്. മരത്തെ തറകെട്ടി സംരക്ഷിച്ചിരുന്നു. രണ്ടുദിവസത്തെ കനത്ത മഴയെത്തുടര്‍ന്നാണ് മരത്തിന്റെ വേരറ്റതെന്ന് പോലീസുകാര്‍ പറഞ്ഞു. പരിക്കേറ്റ മുരുകന്‍ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.
മരംവെട്ടിനീക്കുന്നതിനിടെയാണ് സെന്തില്‍കുമാറിന് പരിക്കേറ്റത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു. ചീഫ് സെക്രട്ടറി വി.ഇറൈ അന്‍പ്, ഡി.ജി.പി സി.ശൈലേന്ദ്ര ബാബു തുടങ്ങിയ മുതിര്‍ന്ന ഉദ്യോസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കവിതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആര്‍ക്കോണം സ്വദേശിയായ കവിത 2005 ലാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. കുടുംബത്തോടെ തണ്ടയാര്‍പ്പേട്ടയിലായിരുന്നു താമസം. മൂന്നുമക്കളുണ്ട്.