ദില്ലി: പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയില്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബിജെപിയുടെ അര്‍ജുന്‍ മേഘ്വാളാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഇതിനിടെ കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി ബില്ലിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ചു. ഈ ബഹളത്തിനിടയിലാണ് വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
വനിതാ സംവരണ ബില്‍ പാസാക്കുന്നതിനായി ദൈവം തന്നെ തിരഞ്ഞെടുത്തുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞത്. ‘നാരി ശക്തി വന്ദന്‍ അധിനിയം’ കൂടുതല്‍ സ്ത്രീകളെ പാര്‍ലമെന്റിലും നിയമസഭകളിലും അംഗങ്ങളാക്കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ സ്ത്രീകള്‍ നയിക്കുന്ന വികസന പ്രക്രിയയെ ലോകം അംഗീകരിച്ചു. കായികം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ വിവിധ മേഖലകളില്‍ ഇന്ത്യന്‍ സ്ത്രീകള്‍ നല്‍കുന്ന സംഭാവനകള്‍ ഇതിനുദാഹരണമാണെന്നും’ പാര്‍ലമെന്റില്‍ സംസാരിക്കവെ മോദി പറഞ്ഞു.