കണ്ണൂർ: തെരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തുകളിൽ ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാൻ കർശന നടപടിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിട്ടുള്ളത്. പോളിംഗിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അരുൺ കെ.വിജയൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക പ്രകാരം ബി.എൽ.ഒ മുഖേന വോട്ടർമാർക്ക് വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം ചെയ്യുകയും സ്ലിപ്പുകൾ കൈപ്പറ്റാൻ സാധിക്കാത്തവരെ ഉൾപ്പെടുത്തി എ.എസ്.ഡി ലിസ്റ്റ് (സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിയവർ, മരിച്ചവർ) ബി.എൽ.ഒമാർ തയ്യാറാക്കിയിട്ടുമുണ്ട്.
ഈ ലിസ്റ്റിൽ പേര് വരുന്ന ഓരോ വോട്ടറും അവരുടെ തിരിച്ചറിയലിനായി തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. പ്രിസൈഡിംഗ് ഓഫീസർ തിരിച്ചറിയൽ രേഖ വ്യക്തിപരമായി പരിശോധിക്കും. കൂടാതെ ഫോറം 17 എ യിലെ വോട്ടർമാരുടെ രജിസ്റ്ററിൽ ബന്ധപ്പെട്ട പോളിംഗ് ഓഫീസർ എ.എസ്.ഡി എന്ന് രേഖപ്പെടുത്തും. വോട്ടർമാരുടെ രജിസ്റ്ററിൽ ഒപ്പിന് പുറമെ അത്തരം ഇലക്ടർമാരുടെ ചുണ്ടൊപ്പും വാങ്ങും. നിശ്ചിത ഫോറത്തിൽ ഡിക്ലറേഷറനം വാങ്ങും. മൊബൈൽ ആപ്പിൽ പ്രിസൈഡിംഗ് ഓഫീസർ ഇയാളുടെ ഫോട്ടോ എടുക്കുകയും പാർട്ട് നമ്പർ സീരിയൽ നമ്പർ രേഖപ്പെടുത്തുകയും ചെയ്യും.