സൂററ്റ്: വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ഗുജറാത്തില്‍ യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. സൂററ്റിലെ വീടിനുള്ളില്‍ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ സ്റ്റെയര്‍ കേസിനടുത്താണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ ജിഗര്‍ ഗാന്ധിയാണ് ആത്മഹത്യ ചെയ്തത്. നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ സമയത്താണ് ഇദ്ദേഹം ഓഫീ സില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു.
ആദ്യത്തെ കുറച്ച് മാസം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ രണ്ട് മാസമായി ഇദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. ജോലിയുടെ ഭാഗമായി നല്ല സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ പല ഐ.ടി കമ്പ നികളും ജീവനക്കാര്‍ക്ക് വര്‍ക്കം ഫ്രം ഹോം ഓപ്ഷന്‍ നല്‍കിയിരിക്കുകയാണ്. 2021 ജൂലൈ വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫേസ്ബുക്ക് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.