പന്തളം : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് ശൗചാലയത്തിന്റെ പഴയടാങ്ക് മാറ്റി പുതിയ സെപ്റ്റിക് ടാങ്ക് വെക്കുന്ന പണി ആരംഭിച്ചു. പഴയ ടാങ്കും പിൻഭാഗത്തുള്ള പൈപ്പുകളും തകർന്നതിനെത്തുടർന്ന് ഇവിടം വൃത്തിഹീനമായി കിടക്കുകയായിരുന്നു. മണ്ഡലകാലാരംഭത്തിനുമുമ്പ് പൂർത്തിയാകുന്ന തരത്തിലാണ് പണി പുരോഗമിക്കുന്നത്. ഇപ്പോഴുള്ള ശൗചാലയത്തിന് പിൻഭാഗത്തായി വലിയ ടാങ്കാണ് പണിയുന്നത്. പന്തളത്ത് 8,64,941 രൂപയുടെ പുനരുദ്ധാരണപ്പണികളും 67,74,880 രൂപ ചെലവിൽ പുതിയ പദ്ധതികളുമാണ് ദേവസ്വം ബോർഡ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമാണ് ശൗചാലയം ശുചീകരണം, സെപ്റ്റിക് ടാങ്ക് വെയ്ക്കൽ, ക്ഷേത്ര പുനരുദ്ധാരണം തുടങ്ങിയവ. നഗരസഭയുടെ ശൗചാലയത്തിന്റെയും പണി രണ്ടാംഘട്ടം പൂർത്തിയായിവരുന്നു. അന്നദാന മണ്ഡപത്തിനു സമീപമാണ് ഇത് പണിയുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പന്തളത്തെ പ്രധാന പ്രശ്‌നം. കുളിക്കുവാൻ ആകെയുള്ളത് അച്ചൻകോവിലാർ മാത്രമാണ്. ആറ്റിൽ ജലനിരപ്പുയരുകയോ ക്രമാതീതമായി വെള്ളം വറ്റുകയോ ചെയ്താൽ ആറ്റിലെ കുളി ബുദ്ധിമുട്ടാകും. അപകടം കൂടുതലുണ്ടാകാനിടയുള്ള കടവുകൾ ഈ അവസരത്തിൽ അടച്ചിടുകയാണ് പതിവ്. പുതിയ അന്നദാനമണ്ഡപവും ഹാളും പണിതതോടെ തീർഥാടകർക്ക് വിരിവെയ്ക്കാനും മണ്ഡലകാലത്ത് താത്കാലിക ആശുപത്രിയുൾപ്പെടെയുള്ളവ പ്രവർത്തിക്കുവാനും ഉണ്ടായിരുന്ന പഴയ വിശ്രമകേന്ദ്രം ദേവസ്വംബോർഡ് കടമുറികളാക്കി വാടകയ്ക്കുകൊടുക്കാനാണ് പദ്ധതി. ഇതിന്റെ പണിയും നടന്നുവരുന്നുണ്ട്.