കോന്നി : ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗവ. ഹൈസ്കൂൾ നവീകരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. പുതിയ അധ്യയനവർഷത്തിൽ വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുമ്പോൾ ‘കളർഫുളായ’ ക്ലാസ് മുറികളൊരുക്കുകയാണ് ലക്ഷ്യം. പഠനോത്സവങ്ങളും മെറിറ്റ് ഫെസ്റ്റും ഉൾപ്പെടെ വിപുലമായ പദ്ധതികളാണ് അധ്യയനവർഷാരംഭത്തിന് മുമ്പ് ഡിവൈഎഫ്ഐ ആവിഷ്കരിച്ചിട്ടുള്ളത്.
ബ്ലോക്ക് കമ്മിറ്റിയിലെ വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി ജനകീയ പങ്കാളിത്തത്തോടെ മൂന്ന് ലക്ഷം രൂപയോളം സമാഹരിച്ചാണ് ഈ പ്രവർത്തനം നടത്തുന്നത്.
കാമ്പയിന്റെ തുടക്കം സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ. അജയകുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാം, ജില്ലാ പ്രസിഡന്റ് എം.സി. അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം. അനീഷ് കുമാർ, വർഗീസ് ബേബി, സി. സുമേഷ്, എം. അഖിൽ, രേഷ്മ മറിയം റോയ്, പേരൂർ സുനിൽ എന്നിവർ നേതൃത്വം നൽകി.