കോന്നി : ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരുടെ ജോലി പുനഃക്രമീകരിച്ചതോടെ പ്രതിസന്ധിയിലായി ജീവനക്കാർ. അറുപതോളം ജീവനക്കാരാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ജോലി ചെയ്തുവരുന്നത്. സിമന്റ് തൂൺ മറിഞ്ഞുവീണ് കുട്ടി മരിക്കാൻ ഇടയായ സാഹചര്യത്തെ തുടർന്ന് ആനത്താവളത്തിൽ എ.സി.സി.എഫിന്റെ ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകുകയും റേഞ്ച് ഓഫിസറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുശേഷം ജീവനക്കാരെ ആറ് സോണായി തിരിച്ചാണ് ഇപ്പോൾ ജോലി ചെയ്യിക്കുന്നത്. 20 ജീവനക്കാർ വീതം 15 ദിവസം ജോലി ചെയ്താൽ മതിയെന്ന നിലപാടിലാണ് വനം വകുപ്പ്.
കൂടാതെ 60 വയസ്സ് കഴിഞ്ഞ തൽക്കാലിക ജോലിക്കാരെ പിരിച്ചുവിടുന്നതിനും തീരുമാനിച്ചതായാണ് അറിയുന്നത്. ജോലി സമയം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് ആനത്താവളത്തിലെ ജീവനക്കാർ ഡി.എഫ്.ഒയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ആനത്താവളം തുറന്ന് പ്രവർത്തിച്ചെങ്കിലും കുട്ടികളുടെ പാർക്ക് തുറന്നു നൽകാത്തത് മൂലം സഞ്ചാരികളും പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസമെത്തിയ സഞ്ചാരികൾ പ്രതിഷേധിച്ച് മടങ്ങിയതായും പറയുന്നു.