ദില്ലി : വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള വികസന നയരേഖകൾക്ക് സംസ്ഥാനങ്ങൾ രൂപം നല്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയില്‍ പത്താമത് നീതി ആയോഗ് യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദ്ദേശം വെച്ചത്. വികസന പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനവിഹിതം കേന്ദ്രം വർദ്ധിപ്പിക്കണമെന്ന് വിവിധ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. വികസിത സംസ്ഥാനം, വികസിത ഭാരതമെന്ന അജണ്ട മുന്‍നിര്‍ത്തിയായിരുന്നു നീതി ആയോഗിന്‍റെ യോഗം ദില്ലിയില്‍ ചേര്‍ന്നത്.
വികസന പ്രവർത്തനങ്ങളുടെ വേഗം കൂട്ടാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നിക്ഷേപകരെ ആകര്‍ഷിക്കാനും ഉത്പാദനം പ്രോത്സാഹിപ്പിക്കാനും കൂടൂതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുളള തടസങ്ങള്‍ സംസ്ഥാനങ്ങള്‍ നീക്കണം. ഓരോ സംസ്ഥാനവും അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കണം. ഭാവിക്കനുസൃതമായി നഗരങ്ങളില്‍ സുസ്ഥിര വികസനം ഉറപ്പാക്കണമെന്നും വനിതകളെ ഉൾക്കൊള്ളുംവിധം തൊഴിലിടങ്ങളിലെ നിയമവും നയവും മാറണമെന്നും മോദി നിർദേശിച്ചു.