കൊടുമണ്‍ : ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്‍റെ പണികള്‍ പുരോഗമിക്കുന്നു. വാഴവിള പാലം മുതല്‍ ചന്ദനപ്പള്ളി വരെയാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്. സ്‌ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാലമുക്ക് മുതല്‍ ഏഴംകുളം ജംഗ്ഷന്‍ വരെ പണികള്‍ തടസപ്പെട്ടു കിടക്കുകയാണ്. പഴയ പോലീസ് സ്‌റ്റേഷന്‍ ജംഗ്ഷനില്‍ പുതിയ പാലം ജംഗ്ഷനിലെ കെ.എസ്.എഫ്.ഇക്ക് മുന്നിലെ കലുങ്ക് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം നടന്നു വരികയാണ്. എന്നാല്‍ ഈ നിര്‍മാണ സ്‌ഥലത്തുകൂടി കടന്നു പോകുന്ന കൂറ്റന്‍പൈപ്പ് ലൈനുകള്‍ മാറ്റി സ്‌ഥാപിക്കാത്തത് കാരണം വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസം ഉണ്ടാകുമെന്നും പറയുന്നു. നിര്‍മാണം പൂര്‍ത്തിയായ വാഴവിള പാലത്തിന്റെ അടിഭാഗത്തും നിര്‍മാണം നടക്കുന്ന പഴയ പോലീസ് സ്‌റ്റേഷന്‍ ജംഗ്ഷനിലെ പാലത്തിന്റെ അടിഭാഗത്തും ഇത്തരത്തില്‍ ജല അതോറിറ്റിയുടെ കൂറ്റന്‍പൈപ്പ് ലൈന്‍ കടന്നു കടന്നുപോകുന്നുണ്ട്. ഇത് മാറ്റാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കനത്ത മഴ പെയ്‌താല്‍ കൊടുമണ്‍ ജംഗ്ഷനില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂക്ഷമാകാറുണ്ട്. ഈ ഭാഗത്തെ വെള്ളം ഒഴുക്കി വിടാനാണ് കെ.എസ്.എഫ്.ഇക്കു മുന്നില്‍ കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നത്. ഇപ്പോള്‍ നിര്‍മാണം നടക്കുന്ന കലുങ്കിന്റെ മധ്യഭാഗത്തു കൂടി കടന്നുപോകുന്ന കൂറ്റന്‍ പൈപ്പ് മാറ്റി സ്‌ഥാപിക്കാനും കഴിയില്ല. ഈ പൈപ്പും മാറ്റി സ്‌ഥാപിച്ചില്ലെങ്കില്‍ ഇവിടെ കലുങ്ക് പണിതത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു. സ്‌റ്റേഡിയത്തിന്റെ മുന്‍വശത്ത് റോഡിന് വീതി കുറവാണെന്ന ആക്ഷേപവുമുണ്ട്. 12 മീറ്റര്‍ വീതിയിലാണ് റോഡ് ടാര്‍ ചെയ്യുന്നത്. 28 കലുങ്ക്, പാലം, ഓട, ബസ് ഷെല്‍ട്ടര്‍, സംരക്ഷണഭിത്തി, ഓട എന്നിവയും ഉണ്ടാകും. 10 കിലോമീറ്റര്‍ നീളമുള്ള റോഡ് ബി.എം, ബി.സി നിലവാരത്തിലാണ് നിര്‍മ്മിക്കുന്നത്. 43 കോടി രൂപയാണ് അനുവദിച്ചത്.
കെ.പി റോഡില്‍ ഏഴംകുളം ജംഗ്ഷനില്‍ നിന്നാരംഭിച്ച് കൊടുമണ്‍, ചന്ദനപ്പള്ളി വഴി കൈപ്പട്ടൂരില്‍ എത്തിച്ചേരുന്ന പ്രധാന റോഡാണിത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പത്തനംതിട്ടയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് അടൂര്‍ ജംഗ്ഷനിലെത്താതെ തന്നെ എം. സി റോഡില്‍ ഏനാത്ത് എത്താനാവും. കൊല്ലത്തു നിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് കൊല്ലം, കൊട്ടാരക്കര, ഏനാത്ത്,ഏഴംകുളം കൊടുമണ്‍ വഴി പത്തനംതിട്ടയില്‍ എത്താനുള്ള എളുപ്പ വഴി കൂടിയാണിത്. ശബരിമല തീര്‍ത്ഥാടകര്‍ക്കും ഏറെ സൗകര്യപ്രദമായ റോഡാണിത്?.