അയോധ്യ: ലോകത്തെ ഏറ്റവും വലിയ പ്രതിമ ക്ഷേത്രനഗരിയായ അയോധ്യയുടെ മൂന്ന് കിലോമീറ്റര്‍ അകലെ നിര്‍മ്മിക്കാനൊരുങ്ങുന്നു. മഞ്ജ ബരേത ഗ്രാമത്തിലാണ് കൂറ്റന്‍ ശ്രീരാമ പ്രതിമ നിര്‍മ്മിക്കുന്നത്. 251 മീറ്റര്‍ ഉയരമുള്ള ഉയരമുള്ള പ്രതിമ പൂര്‍ണമായും നിര്‍മ്മിക്കുന്നത് തദ്ദേശീയരായിരിക്കും.
നിലവില്‍ ചൈനയിലെ ബുദ്ധപ്രതിമയ്ക്കാണ് ലോകത്തില്‍ ഏറ്റവും ഉയരമുള്ളത്. 208 മീറ്റര്‍. 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പ്രതിമ. പ്രതിമ നിര്‍മ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സരയൂ നദീതീരത്താണ് ശ്രീരാമ പ്രതിമ നിര്‍മ്മിക്കുന്നത്. 50 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന ഒരു മ്യൂസിയത്തിന് മുകളിലായിട്ടായിരിക്കും 251 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിക്കുന്നത്. മ്യൂസിയത്തില്‍ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒരു ഡിജിറ്റല്‍ മ്യൂസിയവും ഇതിനോടൊപ്പം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.
പ്രതിമ നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് നാട്ടുകാര്‍ രംഗത്തെത്തി. ഇത് നാടിന്റെ പുരോഗതിക്ക് കാരണമാകുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇതിനൊപ്പം ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. പ്രതിമ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന പ്രദേശത്ത് നാനൂറോളം വീടുകളുണ്ട്. ഈ സാഹചര്യത്തില്‍ വീടൊഴിയേണ്ടി വരുമോയെന്ന് പ്രദേശത്തുള്ളവര്‍ ആശങ്കപ്പെടുന്നു. ഈ നാനൂറോളം വീടുകളിലും തലമുറകളായി അവിടെ താമസിച്ച് വരുന്ന കര്‍ഷകരാണുള്ളത്. ഇതില്‍ 70 ശതമാനത്തിലധികവും പിന്നോക്ക വിഭാഗത്തിലുള്ളവരാണ്. ഗ്രാമീണരുടെ പൂര്‍ണസമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് അവരുടെ ആവശ്യം.