വാഷിങ്ടണ്‍ : ലോകത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് രോഗബാധ വ്യാപിക്കുന്നു. രോഗബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. ഇതുവരെ 73, 16,820 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 54,022 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലുലക്ഷം കടന്നു. 4,13,625 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 4614 പേര്‍ മരിച്ചു. അമേരിക്കയിലും ബ്രസീലിലും മാത്രം ഇന്നലെ ആയിരത്തിലേറെ പേര്‍ മരിച്ചു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസം 9987 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 331 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളില്‍ 300ന് മുകളില്‍ ആളുകള്‍ മരിക്കുന്നത്.
24 മണിക്കൂറിനിടെ ലോകത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്ഥിതി ഗുരുതരമായി തുടരുന്ന അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ഇതുവരെ 20,45,549 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം 17135 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രസീലിലും റഷ്യയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം ഏഴര ലക്ഷത്തിന് അടുത്തെത്തി. റഷ്യയില്‍ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം യൂറോപ്പില്‍ രോഗവ്യാപനത്തിന്റെ തോത് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.