ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. ബ്രസീലിലും ഇന്ത്യയിലും രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ യുഎസ്സിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്.
ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്. റഷ്യയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. അമേരിക്കയില്‍ മാത്രം ഇതുവരെ ഒന്നേകാല്‍ ലക്ഷത്തില്‍ കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് നാലേമുക്കാല്‍ ലക്ഷത്തിനടുത്ത് മനുഷ്യരാണ്.
ജനുവരി ആദ്യത്തില്‍ ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മെയ് പകുതിയോടെയാണ് ലോകത്ത് കോവിഡ് കേസുകള്‍ 4.5 മില്യണ്‍ ആകുന്നത്. എന്നാല്‍ മെയ് മുതല്‍ ജൂണ്‍ 22 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ കോവിഡ് രോഗികളുടെ എണ്ണം 90 ലക്ഷത്തിലെത്തി. കൂടുതല്‍ കായിക താരങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിക്കുന്ന വാര്‍ത്തകളും പുറത്തു വരുന്നു. കഴിഞ്ഞ ദിവസം ടെന്നീസ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത റാലിയുടെ സംഘാടന ചുമതല ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൊഴില്‍ , ഗ്രീന്‍ വിസകള്‍ക്കുള്ള നിയന്ത്രണം അമേരിക്ക ഈ വര്‍ഷം അവസാനം വരെ നീട്ടി.
ആഫ്രിക്കന്‍ രാജ്യങ്ങളിലാകെ രോഗ ബാധിതര്‍ ഒരുലക്ഷം പിന്നിട്ടു. വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെ തുടര്‍ന്ന് ലിസ്ബനും പോര്‍ച്ചുഗലും വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതേസമയം ഡെക്സാ മെതസോണ്‍ സ്റ്റിറോയിഡിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി. സ്റ്റിറോയിഡിന്റെ ഉപയോഗം മരണ നിരക്ക് കുറയ്ക്കുന്നുണ്ട് എന്ന് ഓക്സ്ഫോര്‍ഡ് ഗവേഷകര്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ പതിനയ്യായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറ് ദിവസത്തിനിടെ 87,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് മരണം പതിനാലായിരത്തോട് അടുക്കുകയാണ്.