ലോകത്തിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യ. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയിലാണ് ക്ഷേത്രം നിർമ്മിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനിയായ അപ്സൂജ ഇൻഫ്രാടെകും, സിംപ്ലിഫോർജ് ക്രിയേഷൻസും ചേർന്നാണ് അപൂർവമായ മാതൃകയിൽ ക്ഷേത്രം പ്രിന്റ് ചെയ്തെടുക്കുക. 3,800 ചതുരശ്ര അടി വിസ്തീർണത്തിൽ 300 അടി ഉയരത്തിലാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്ഷേത്ര നിർമ്മാണത്തിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളും മെറ്റീരിയലുകളും ഉപയോഗിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ക്ഷേത്രത്തിന് 3 ശ്രീകോവിലുകളാണ് ഉണ്ടാവുക. വിഘ്നേശ്വരന് സമർപ്പിക്കുന്ന രീതിയിൽ മേദകത്തിന്റെ ആകൃതിയിലാണ് ഇവ രൂപകൽപ്പന ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ, ശിവനും പാർവതിക്കും പ്രത്യേക സ്ഥാനങ്ങളും പണി കഴിപ്പിക്കുന്നതാണ്. താമരയുടെ ആകൃതിയിലുള്ള ഗോപുരമാണ് പാർവതി ദേവിക്കായി തയ്യാറാക്കുക.